ചെന്നൈ: നടിമാർക്ക് നേരെ സൈബറിടങ്ങളിൽ അശ്ലീല പ്രചരണവുമായി ആളുകൾ രംഗത്തുവരുന്നത് പതിവാണ്. പലരും ഇത് അവഗണിക്കുമ്പോൾ ചിലർ ശക്തമായി തന്നെ പ്രതികരിക്കും. അത്തരത്തിൽ പ്രതികരണം നടത്തിയിരിക്കയാണ് ഐശ്വര്യ ഭാസ്‌ക്കർ. തനിക്കു വന്ന അശ്ലീല സന്ദേശങ്ങളും അത് അയച്ചവരുടെ ചിത്രങ്ങളുമാണ് നടി പങ്കുവെച്ചത്. രൂക്ഷമായി പ്രതികരിച്ചുകൊണ്ട് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. അൻപത്തിരണ്ടുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ നാട്ടിലെ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് താരം ചോദിക്കുന്നു.

സോപ്പുകളും ബ്യൂട്ടി പ്രൊഡക്ട്‌സും വിറ്റാണ് താരമിപ്പോൾ ജീവിക്കുന്നത്. ഓൺലൈനിലൂടെ പ്രൊഡക്ട്‌സ് ഓർഡർ ചെയ്യാൻ രണ്ട് ഫോൺ നമ്പരുകൾ ഐശ്വര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെ അതിൽ വിളിച്ച് സാധനങ്ങൾ ഓർഡർ ചെയ്യാമെന്നും ഐശ്വര്യ മുൻപ് പറഞ്ഞിരുന്നു. എന്നാൽ രാത്രി പതിനൊന്ന് മണിക്കൊക്കെ ചിലർ അശ്ലീല സന്ദേശം അയക്കുകയാണ്. ശല്യം തുടർന്നതോടെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ നടി രംഗത്തെത്തിയത്.

'വയസായെങ്കിലും ശരീരം ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ' എന്നൊക്കെ ചോദിച്ചാണ് ചിലർ മെസേജ് അയക്കുന്നത്. ഒരാൾ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോയെടുത്ത് അയച്ചു. രാധാകൃഷ്ണൻ എന്നൊരാൾ രാത്രി പതിനൊന്നരയ്ക്ക് പേഴ്‌സണലായി വീട്ടിൽ വന്ന് സോപ്പ് കാണട്ടെയെന്ന് ചോദിച്ചു. ഭർത്താവില്ലാതെ ജീവിക്കുന്നവരെ കാണുമ്പോൾ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പൂരി അടിക്കണമെന്ന് ഐശ്വര്യ പറയുന്നു.

സൈബർ സെല്ലിലും പൊലീസിലും പരാതി നൽകിയിട്ടില്ല. ഇത്തരം കീടങ്ങൾക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും മകളോട് ചോദിച്ചപ്പോൾ വീഡിയോ ചെയ്യണമെന്ന് അവൾ പറഞ്ഞെന്നും ഐശ്വര്യ പറയുന്നു. ഐശ്വര്യ വിവാഹ മോചിതയാണ്.