- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അനാവശ്യ കാര്യങ്ങൾ ഇത്രയധികം ചർച്ച ചെയ്യുന്നത് എന്തിനാണ്, സംസാരിക്കാൻ മറ്റെന്തെല്ലാം വിഷയങ്ങളുണ്ട്'; എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും; തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി

കൊച്ചി: വസ്ത്രധാരണത്തിന്റെ പേരിൽ നേരിടുന്ന വിമർശനങ്ങൾക്കെതിരെ തുറന്നടിച്ച് നടി ഐശ്വര്യ ലക്ഷ്മി. 'എനിക്കിഷ്ടമുള്ളത് ഞാനിടും, അതിൽ മറ്റുള്ളവർക്കെന്താണ്' എന്ന് താരം ചോദിച്ചു. ഒരു ഉദ്ഘാടന ചടങ്ങിൽ താൻ ധരിച്ച വസ്ത്രം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് ഐശ്വര്യയുടെ ഈ ശക്തമായ പ്രതികരണം. സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ് ഏറെ ക്ഷീണിതയായി, ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിൽ, കൂടുതലൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അതെന്ന് ഐശ്വര്യ വിശദീകരിച്ചു.
പുറത്തിറങ്ങിയപ്പോൾ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നുവെങ്കിലും അതിനെക്കുറിച്ച് പിന്നീട് കൂടുതൽ ആലോചിക്കാൻ പോയില്ല. സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ, ആ പരിപാടി കഴിഞ്ഞുള്ള വീഡിയോകളോ കമന്റുകളോ താൻ കണ്ടിരുന്നില്ലെന്നും നടി വ്യക്തമാക്കി. അനാവശ്യ കാര്യങ്ങൾ ഇത്രയധികം ചർച്ച ചെയ്യുന്നത് എന്തിനാണെന്നും, സംസാരിക്കാൻ മറ്റെന്തെല്ലാം വിഷയങ്ങളുണ്ടെന്നും ഐശ്വര്യ ലക്ഷ്മി ചോദിച്ചു. സമൂഹ മാധ്യമങ്ങളിൽ നിന്ന് കുറച്ചുകാലം മുൻപ് പിന്മാറിയതിനെക്കുറിച്ചും ഐശ്വര്യ സംസാരിച്ചു.
സമൂഹ മാധ്യമങ്ങളിൽ താൻ ഒരുപാട് സമയം ചെലവഴിച്ചു തുടങ്ങിയെന്നും, അതൊരു അഡിക്ഷൻ പോലെയായി മാറിയെന്നും താരം പറഞ്ഞു. ഷോട്ടുകൾക്കിടയിലുള്ള സമയത്തും റീലുകൾ നോക്കി സമയം കളഞ്ഞിരുന്നതിലൂടെ ശ്രദ്ധ നഷ്ടപ്പെടാൻ തുടങ്ങിയെന്നും ആവശ്യമില്ലാത്ത കാര്യങ്ങളാൽ സ്വാധീനിക്കപ്പെടാൻ തുടങ്ങിയെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങൾ ഭയങ്കര ബഹളമുള്ള ഒരിടമാണെന്നും, ഇപ്പോൾ തനിക്ക് വ്യക്തിപരമായ അക്കൗണ്ടുകൾ ഇല്ലെന്നും താരം വ്യക്തമാക്കി. തന്റെ വളർത്തുനായ്ക്ക് അക്കൗണ്ടുണ്ടെന്നും, എന്തെങ്കിലും വിവരങ്ങൾ നോക്കണമെങ്കിൽ അതിൽ നോക്കാറുണ്ടെന്നും, എന്നാൽ അതിനും താൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു.


