- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വെള്ളമടിച്ചാല്‍ പ്രഭാസ് ആണെന്ന് തോന്നും'; ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടും; പ്രതികരിക്കുന്ന രീതി മാറും; മദ്യപാനം നിര്‍ത്താൻ കാരണമായത് ആ ചിത്രം; തുറന്ന് പറഞ്ഞ് അജു വർഗീസ്
കൊച്ചി: മലയാള സിനിമയിൽ ഹാസ്യത്തിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ശ്രദ്ധേയനായ നടൻ അജു വർഗീസ് താൻ മദ്യപാനം ഉപേക്ഷിച്ചതിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. ജയസൂര്യ നായകനായ 'വെള്ളം' എന്ന ചിത്രം കണ്ടതിന് ശേഷമാണ് താൻ മദ്യപാനം നിർത്താൻ തീരുമാനിച്ചതെന്ന് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. മദ്യപാനം തൻ്റെ ആരോഗ്യത്തെയും പെരുമാറ്റരീതികളെയും ദോഷകരമായി ബാധിച്ചിരുന്നതായും, അറിയാതെയാണെങ്കിലും അഹങ്കാരി എന്ന പേര് ലഭിക്കാൻ ഇത് കാരണമാകുമെന്നും അജു വർഗീസ് പറഞ്ഞു.
'മദ്യത്തിന്റെ ധൈര്യത്തിൽ താൻ പ്രഭാസ് ആണെന്ന് തോന്നിയിരുന്നു. അത്രയും ശക്തിയും ഊർജ്ജവും ലഭിക്കുന്നതായി തോന്നി. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ ഇത് പ്രേരിപ്പിച്ചു,' അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് കാലത്തെ മദ്യപാനം തമാശയായിരുന്നെങ്കിലും, പക്ഷെ ഒരു ഘട്ടത്തില്‍ അത് മാറി. ലവ് ആക്ഷന്‍ ഡ്രമായൊക്കെ നിര്‍മിക്കുമ്പോള്‍ സ്ട്രസ് വന്നു.
സമ്മര്‍ദ്ധം വരുമ്പോള്‍ ഇതിന്റെ തലം മാറും. പ്രതികരിക്കുന്ന രീതി മാറുമെന്നും അജു പറഞ്ഞു. കോവിഡ് കാലത്താണ് താൻ 'വെള്ളം' സിനിമ കാണുന്നതെന്നും, തൻ്റെ കൂടെയുള്ളവരും മാതാപിതാക്കളും ഭാര്യയുമെല്ലാം മദ്യപാനം മോശമാണെന്ന് നിരന്തരം ഓർമ്മിപ്പിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. 'നമ്മളോട് കരുതലുള്ളവരാണ് അവർ. അതിനാൽ മുഖത്ത് നോക്കി 'ചേട്ടൻ നശിച്ചുപോകും, ഫീൽഡ് ഔട്ടാകും' എന്ന് പറഞ്ഞിട്ടുണ്ട്,' അജു പറഞ്ഞു. ഈ സിനിമ കണ്ടപ്പോൾ തന്നിൽ ഒരുൾവിളി ഉണ്ടായെന്നും, സിനിമ കാരണം എന്നതിലുപരി സിനിമ കണ്ടപ്പോൾ സ്വയം തോന്നിയ തീരുമാനമായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.




