കൊച്ചി: വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. വൻ താരനിരയാണ് സിനിമയിലുള്ളത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, ബേസിൽ ജോസഫ്, അജു വർഗീസ് തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. അടുത്തിടെ വർഷങ്ങൾക്ക് ശേഷം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ധ്യാൻ ശ്രീനിവാസന്റേയും ബേസിലിന്റേയും അടിയായിരുന്നു ഹൈലൈറ്റ്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഇതുമായി ബന്ധപ്പെട്ട് അജു വർഗീസ് പങ്കുവച്ച പോസ്റ്റാണ്.

അഭിമുഖത്തിലെ ധ്യാനിന്റേയും ബേസിലിന്റേയും വാക്പോര് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ട്രോൾ വിഡിയോ അജു പങ്കുവച്ചിരുന്നു. അത് ബേസിലിനും അയച്ചിരുന്നു. അതിന് ബേസിൽ നൽകിയ മറുപടിയുടെ സ്‌ക്രീൻഷോട്ടാണ് താരം പോസ്റ്റ് ചെയ്തത്. 'കണ്ണ് വയ്യാത്തതുകൊണ്ട് എന്റെ ഫുൾ സ്‌കിൽസ് അങ്ങോട്ട് പുറത്തിറക്കാൻ പറ്റിയില്ല. ഇല്ലെങ്കി കാണാമായിരുന്നു. അവനെ ഞാൻ പൂർണമായി തറ പറ്റിച്ചേനെ'- എന്നായിരുന്നു ബേസിലിന്റെ മറുപടി.

കാവിലെ പാട്ട് മത്സരത്തിന് കാണാമെന്നു ബേസിൽ. ധ്യാനേ.. എന്ന് സൈക്കോ ബാച്ചേ- എന്ന കുറിപ്പിലാണ് താരം സ്‌ക്രീൻഷോട്ട് പങ്കുവച്ചത്. എന്തായാലും ആരാധകർക്കിടയിൽ വൻ വൈറലാവുകയാണ് പോസ്റ്റ്. നിരവധി പേരാണ് രസികൻ കമന്റുമായി എത്തുന്നത്. അജുവും നിവിനും കൂടി വേണമായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങളുടെ ചില നഗ്ന സത്യങ്ങൾ ധ്യാൻ വിളിച്ചു പറയും എന്നുള്ള പേടി ഉള്ളതുകൊണ്ടാണ് നിങ്ങൾ ഇന്റർവ്യൂവിൽ നിന്നും മാറിനിന്നത് എന്ന കരക്കമ്പി ഉണ്ട്- എന്നാണ് മറ്റൊരാളുടെ കമന്റ്.