- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്ന് ലവ് ലെറ്റർ എഴുതാനുള്ള വിവരമൊന്നുമില്ല, അതുകൊണ്ട് ഫോൺ വിളിച്ചു'; അന്ന് എനിക്ക് 15 വയസ്സായിരുന്നു; 'പ്രിയം' സിനിമയിലെ നായിക ഫോൺ വിളിച്ചതിനെക്കുറിച്ച് അജു വര്ഗീസ് പറയുന്നതിങ്ങനെ

കൊച്ചി: 'പ്രിയം' സിനിമയിലെ നായിക ദീപ നായരെ താൻ പണ്ട് ഫോൺ വിളിക്കുമായിരുന്നു എന്ന വെളിപ്പെടുത്തലുമായി നടൻ അജു വർഗീസ്. അടുത്തിടെ ആറ്റുകാൽ പൊങ്കാലയ്ക്ക് നാട്ടിലെത്തിയപ്പോൾ, നടൻ അജു വർഗീസ് തന്നെ പണ്ട് വിളിക്കുമായിരുന്നു എന്ന് ദീപ നായർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അജു. അന്ന് താനൊരു പത്താം ക്ലാസ്സുകാരൻ മാത്രമായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ ആരാധകനായ തനിക്ക് സിനിമയിലെ 'ആനി' എന്ന കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ് വിളിച്ചതെന്നും അജു പറഞ്ഞു.
പുതിയ ചിത്രം 'വാഴ 2'വിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം പഴയ ഓർമ്മകൾ പങ്കുവെച്ചത്. "ദീപ ചേച്ചി പറഞ്ഞത് ഞാൻ കേട്ടിരുന്നു. എനിക്ക് ഒരുപാട് പോസ്റ്ററുകൾ വന്നിരുന്നു. ചേച്ചി ഇപ്പോൾ എന്റെ സുഹൃത്താണ്. പണ്ട് ലവ് ലെറ്റർ എഴുതാനുള്ള വിവരമൊന്നും എനിക്കില്ലായിരുന്നു. അതുകൊണ്ട് ഫോൺ വിളിച്ചു. ഡയറക്ടറി നോക്കിയാണ് നമ്പർ കണ്ടുപിടിച്ചത്. എന്തൊക്കെയാണ് സംസാരിച്ചതെന്ന് ഇപ്പോൾ ഓർമ്മയില്ല. ഇടയ്ക്കിടെ വിളിക്കുമായിരുന്നു"- അജു ചിരിയോടെ പറഞ്ഞു.
സിനിമയോടുള്ള ഭ്രാന്ത് മൂത്ത് താൻ ദീപ നായരെ മാത്രമല്ല പല പ്രമുഖരെയും വിളിച്ചിട്ടുണ്ടെന്ന് അജു വെളിപ്പെടുത്തി. "ഞാനന്ന് വലിയ ചാക്കോച്ചൻ ഫാനാണ്. അനിയത്തിപ്രാവ്, നിറം, മയിൽപ്പീലിക്കാവ് ഒക്കെ കണ്ട് നിൽക്കുന്ന സമയം. അങ്ങനെയാണ് 'പ്രിയം' കാണുന്നതും ദീപ ചേച്ചിയോട് ഇഷ്ടം തോന്നുന്നതും. അന്നത്തെ ടെലിഫോൺ ഡയറക്ടറി നോക്കി ഞാൻ മമ്മൂക്കയെയും ചാക്കോച്ചനെയുമൊക്കെ വിളിച്ചിട്ടുണ്ട്. പക്ഷേ അവരാരും ഫോൺ എടുത്തില്ല. ആകെ ഫോൺ എടുത്തത് ദീപ ചേച്ചി മാത്രമാണ്. അന്ന് എനിക്ക് 15 വയസ്സ് മാത്രമേയുള്ളൂ."- അജു പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം അജു വലിയൊരു നടനായി മാറിയപ്പോൾ താൻ അജുവിന്റെ ആരാധികയായി മാറിയെന്ന് ദീപ നായരും മുൻപ് പറഞ്ഞിരുന്നു. നടി മഞ്ജിമ മോഹൻ വഴിയാണ് ദീപ ഓസ്‌ട്രേലിയയിൽ സെറ്റിൽഡ് ആണെന്ന് അജു അറിഞ്ഞത്. എന്നാൽ ഇരുവരും നേരിട്ട് കാണുന്നത് കഴിഞ്ഞ വർഷം മാത്രമായിരുന്നു.


