കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കുറിപ്പുമായി അഖിൽ മാരാർ. ഈശ്വരൻ എന്റെ മനസാക്ഷിയോട് പറഞ്ഞ സത്യങ്ങൾ ഒന്നും നാളിതുവരെ തെറ്റിയ ചരിത്രമില്ലെന്നും അന്നും ഇന്നും സത്യത്തിനൊപ്പമാണെന്നും ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ മാരാർ ഫേസ്‌ബുക്കിൽ കുറിച്ചു.

അഖിൽ മാരാർ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെ: "സത്യം ജയിക്കും സത്യമേ ജയിക്കൂ... ഈശ്വരൻ എന്റെ മനസാക്ഷിയോട് പറഞ്ഞ സത്യങ്ങൾ ഒന്നും നാളിതുവരെ തെറ്റിയ ചരിത്രമില്ല... അന്നും ഇന്നും സത്യത്തിനൊപ്പം." എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ഈ മാസം 12-ന് വിധിക്കും.

ദിലീപിനൊപ്പം കേസിലെ ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയും കോടതി വെറുതെവിട്ടു. വിധിയോടെ തന്റെ നിരപരാധിത്വം തെളിഞ്ഞുവെന്നും, തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും ദിലീപ് പ്രതികരിച്ചു. തന്നെ കേസിൽ പ്രതിയാക്കി കരിയർ നശിപ്പിക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും, പോലീസ് കള്ളക്കഥ മെനയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഈ വിധിയോടെ പോലീസിന്റെ കള്ളക്കഥ പൊളിഞ്ഞുവെന്നും ദിലീപ് കൂട്ടിച്ചേർത്തു.

നേരത്തെ, ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ സംവിധായകൻ കെ.പി. വ്യാസൻ തന്റെ സന്തോഷം പങ്കുവെച്ചിരുന്നു. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ വ്യാസൻ മാധ്യമങ്ങളെയും പ്രോസിക്യൂഷനെയും ശക്തമായി വിമർശിച്ചു. "മാദ്ധ്യമങ്ങളുടെ സ്മാർട്ട് വിചാരത്തിനും, പ്രോസിക്യൂഷൻ മെനഞ്ഞ കള്ളക്കഥകൾക്കുമിടയിൽ നിന്ന് സത്യത്തിന്റെ പാലാഴി കടഞ്ഞ് നീതിയുടെ അമൃത് എടുത്ത ഈ ധീര വനിതയ്ക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്. മാദ്ധ്യമ വിചാരണ നടത്തി ചാനൽ ജഡ്ജിമാർ അല്ല വിധി പറയേണ്ടത്, കോടതികൾ ആണ് യഥാർത്ഥ വിധികർത്താക്കളെന്ന് ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്."

പോലീസും, മാദ്ധ്യമങ്ങളും, സർക്കാരിന്റെ നിയമ സംവിധാനങ്ങളും ഒത്തൊരുമിച്ച് നിൽക്കുന്നുണ്ടെങ്കിൽ അത് ആരെയോ കുടുക്കാൻ തുനിഞ്ഞിറങ്ങിയതാണെന്ന് ഉറപ്പിക്കാമെന്നും, അത്തരം ചതിയിൽ നിന്ന് ദൈവത്തിനോ ദൈവതുല്യനായ ഒരാൾക്കോ മാത്രമേ രക്ഷിക്കാൻ സാധിക്കൂ എന്നും വ്യാസൻ കൂട്ടിച്ചേർത്തു. എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ലെന്നും "സത്യമേവ ജയതേ" എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

കൂടാതെ, മാധ്യമപ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും സുഹൃത്തുക്കളാക്കരുതെന്നും, പരിചയം നടിക്കുന്നവരായിരിക്കും വ്യാജവാർത്ത ഉണ്ടാക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷാ സോഷ്യൽ മീഡിയയിൽ "നന്ദി ദൈവമേ, സത്യമേവ ജയതേ" എന്ന് കുറിച്ചുകൊണ്ട് സന്തോഷം പ്രകടിപ്പിച്ചു.