- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുട്ടിത്തമാണ് അവന്റെ പ്രത്യേകത'; ലാലേട്ടൻ കഴിഞ്ഞാല്‍ അങ്ങനെ ഹ്യൂമര്‍ ചെയ്യാൻ ആ നടൻ മാത്രമേയുള്ളു; തുറന്ന് പറഞ്ഞ് അഖിൽ സത്യൻ
കൊച്ചി: സിനിമയിൽ ഹാസ്യം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന നടൻ മോഹൻലാൽ ആണെന്ന് സംവിധായകൻ അഖിൽ സത്യൻ. മോഹൻലാലിന് ശേഷം അത്തരത്തിൽ ഹാസ്യം സ്വാഭാവികമായി അവതരിപ്പിക്കാൻ കഴിയുന്ന നടൻ നിവിൻ പോളി മാത്രമാണെന്ന് അഖിൽ സത്യൻ പറഞ്ഞു. നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവം മായ' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ.
"നിവിൻ പോളിയുടെ കുട്ടിത്തമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ലാൽ സാറിന് ശേഷം ഈ കഴിവ് ഞാൻ നിവിൻ പോളിയിൽ മാത്രമാണ് കണ്ടത്. മോഹൻലാൽ കഴിഞ്ഞാൽ അങ്ങനെ ഹാസ്യം ചെയ്യാൻ നിവിൻ മാത്രമേയുള്ളൂ," അഖിൽ സത്യൻ പറഞ്ഞു. 'സർവം മായ'യിൽ നിവിൻ അവതരിപ്പിച്ച പ്രഭേന്ദു എന്ന കഥാപാത്രത്തെ താൻ എഴുതിവെച്ചതിലും ഒരുപടി മുകളിലാണ് അദ്ദേഹം ചെയ്തതെന്നും, ആദ്യ ഷോട്ടിൽ തന്നെ താൻ അറിയാത്ത ഒരു പ്രഭേന്ദുവിനെയാണ് നിവിൻ നൽകിയതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ചിത്രത്തിലുടനീളം ഈ പ്രഭേന്ദുവിനെ നിലനിർത്താൻ നിവിന് സാധിച്ചതായും അഖിൽ സത്യൻ അഭിപ്രായപ്പെട്ടു.
മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ മുന്നേറുന്ന 'സർവം മായ' എന്ന ചിത്രം നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ സംരംഭം കൂടിയാണ്. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലീം, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റിംഗ് അഖിൽ സത്യനും രതിൻ രാധാകൃഷ്ണനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണവും, രാജീവൻ പ്രൊഡക്ഷൻ ഡിസൈനും, അജി കുട്ടിയാണി കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.




