മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഈ വിശുദ്ധസംഗമത്തില്‍ തനിക്ക് ഏറെ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയതെന്നും അക്ഷയ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഇവിടെ ഇത്രയും നല്ല സൗകര്യങ്ങള്‍ ഒരുക്കിയതിന് മുഖ്യമന്ത്രി യോഗി ജിക്ക് നന്ദി. ഒരുപാട് സന്തോഷമായി. വളരെ നല്ല അനുഭവമായിരുന്നു. യോഗി ജി വളരെ മികച്ച ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. 2019ല്‍ അവസാന കുംഭമേള നടന്നപ്പോള്‍ ആളുകള്‍ കെട്ടുകളുമായി വന്നിരുന്നത് എനിക്കോര്‍മ്മയുണ്ട്.''

''ഇത്തവണ കുംഭമേളയില്‍ പങ്കെടുക്കാനായി ഒരുപാട് വലിയ ആള്‍ക്കാര്‍ എത്തി. അംബാനിയും അദാനിയും വലിയ സെലിബ്രിറ്റികളൊക്കെ വരുന്നു. അപ്പോള്‍ ഇതിനെ മഹാ കുംഭമേള എന്ന് വിളിക്കുന്നു, എത്രയോ വളരെ നല്ല ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്? ഇത് വളരെ വളരെ നല്ലതാണ്'' എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

അതേസമയം, അനുപം ഖേര്‍, സൊനാലി ബേന്ദ്ര, മിലിന്ദ് സോമന്‍, റെമോ ഡിസൂസ, തമന്ന, പൂനം പാണ്ഡെ, ഹേമ മാലിനി, തനിഷ മുഖര്‍ജി, നിമ്രത് കൗര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജയസൂര്യ, സംയുക്ത എന്നിവരും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം ചെയ്തിരുന്നു.