മുംബൈ: ബോളിവുഡ് താര ദമ്പതികളായ രൺബിർ കപൂറിൻ്റെയും ആലിയ ഭട്ടിൻ്റെയും നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതിയ വീടിൻ്റെ ദൃശ്യങ്ങൾ അനുവാദമില്ലാതെ പ്രചരിപ്പിച്ചതിൽ പ്രതിഷേധിച്ച് ആലിയ ഭട്ട് രംഗത്തെത്തി. ഇത് സ്വകാര്യതയിലേക്കുള്ള അതിക്രമമാണെന്നും ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് ഇത് വഴിവെക്കുമെന്നും അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

"ഞങ്ങളുടെ അനുവാദമോ അറിവോ കൂടാതെ, നിർമ്മാണം പൂർത്തിയാകാത്ത ഞങ്ങളുടെ വീടിൻ്റെ ദൃശ്യങ്ങൾ പല മാധ്യമങ്ങളും റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്നവുമാണ്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല, അത് നിയമലംഘനമാണ്. അതിനെ ഒരിക്കലും സാധാരണയായി കാണരുത്," ആലിയ കുറിച്ചു.

മുംബൈ പോലുള്ള നഗരങ്ങളിൽ സ്ഥലപരിമിതികളുണ്ടെന്നും, ജനലിലൂടെ കാണുന്നത് മറ്റൊരാളുടെ വീടാണെങ്കിൽപ്പോലും അത് ചിത്രീകരിക്കാനോ പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ലെന്നും അവർ വ്യക്തമാക്കി.

"നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ വീടിൻ്റെ ഉൾവശം ചിത്രീകരിച്ച വീഡിയോകൾ പരസ്യമായി പങ്കുവെക്കുന്നത് നിങ്ങൾക്ക് സഹിക്കാനാകുമോ എന്ന് ചിന്തിക്കുക. നമ്മളാരും അത് ചെയ്യാറില്ല, അതുകൊണ്ട് അത്തരം വീഡിയോകൾ ഓൺ‌ലൈനിൽ കാണുകയാണെങ്കിൽ ദയവായി അത് ഫോർവേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു," അവർ കൂട്ടിച്ചേർത്തു.