- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോഡ്ഫാദർ' സംവിധായകനെതിരെ ഗുരുതര ആരോപണം
ലോസ് ഏഞ്ചൽസ്: ഗോഡ്ഫാദർ സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കപ്പോളയ്ക്കെതിരെ ഗുരുതര ആരോപണവുമായി പുതിയ സിനിമയായ മെഗാലോപോളിസിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നാണ് 84കാരനായ സംവിധായകനെതിരെയുള്ള ആരോപണം. അർധനഗ്‌നരായ ജൂനിയർ നടിമാരിൽ ചിലരെ കപ്പോള ചുംബിച്ചു എന്നാണ് അണിയറ പ്രവർത്തകർ ആരോപിക്കുന്നത്.
നൈറ്റ് ക്ലബ്ബ് ഷൂട്ടിനിടെയാണ് അപമര്യാദയായ പെരുമാറ്റമുണ്ടായത്. സെറ്റിലെത്തി സംവിധായകൻ ടോപ് ലെസ്സായി നിൽക്കുന്ന നടിമാരെ ചുംബിക്കുകയായിരുന്നു. സ്ത്രീകളോട് പെരുമാറുന്ന കാര്യത്തിൽ പലപ്പോഴും സംവിധായകൻ ഓൾഡ് സ്‌കൂൾ ആണെന്നാണ് അണിയറ പ്രവർത്തകരുടെ ആരോപണം. സ്ത്രീകളെ പിടിച്ച് മടിയിൽ ഇരുത്തുന്നതുപോലുള്ള കാര്യങ്ങൾ അദ്ദേഹം ചെയ്യാറുണ്ടെന്നും അണിയറ പ്രവർത്തകരിൽ ചിലർ ദി ഗാർഡിയനോട് പറഞ്ഞു.
കൂടാതെ ഒരു രംഗം പോലും ഷൂട്ട് ചെയ്യാതെ കപ്പോള മണിക്കൂറുകളോളം അണിയറ പ്രവർത്തകരെ കാത്തിരിപ്പിക്കുമെന്നുമാണ് ആരോപിക്കുന്നത്. കാൻ ചലച്ചിത്ര മേളയിലൂടെ മെഗാലോപോളിസ് പ്രദർശനത്തിന് ഒരുങ്ങുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി അണിയറപ്രവർത്തകർ എത്തുന്നത്. മത്സരവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
അതിനിടെ സംവിധായകന് എതിരായ ആരോപണങ്ങൾ തള്ളിക്കൊണ്ട് എക്സിക്യൂട്ടീവ് കോ പ്രൊഡ്യൂസർ ഡാരൻ ഡിമിത്രി രംഗത്തെത്തി. ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും സംവിധായകൻ ചുംബനവും ആലിംഗനവും നൽകാറുണ്ട്. എന്നാൽ ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. 'രണ്ട് ദിവസം എടുത്താണ് ക്ലബ് സീൻ ഷൂട്ട് ചെയ്തത്. ആ രംഗത്തിന് ആത്മാവ് നൽകാനായി അദ്ദേഹം എല്ലാവരുടേയും കവിളിൽ ചുംബിക്കുകയായിരുന്നു. ക്ലബ്ബിന്റേതായ അന്തരീക്ഷം നൽകാൻ സഹായിക്കുകയാണ് അദ്ദേഹം ചെയ്തത്. സിനിമയ്ക്ക് അത് ഏറെ പ്രധാനപ്പെട്ടതാണ്.'- ഡാരൻ പറഞ്ഞു. ഹോളിവുഡിലെ ക്ലാസിക് ചിത്രമായി കണക്കാക്കുന്ന ദി ഗോഡ്ഫാദറിന്റെ സംവിധായകനാണ് ഫ്രാൻസിസ് ഫോർഡ് കപ്പോള.