ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കേസെടുത്ത് ദിവസങ്ങൾക്ക് ശേഷം തെലുങ്ക് നടൻ അല്ലു അർജുൻ വിശദീകരണവുമായി രംഗത്ത്. തന്റെ സുഹൃത്തിന് വേമ്ടിയാണ് താൻ പോയതെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും അല്ലു പറഞ്ഞു.

വൈഎസ്ആർസിപി പാർട്ടി സ്ഥാനാർത്ഥി എസ് രവിചന്ദ്ര കിഷോർ റെഡ്ഡിയെ പിന്തുണച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിനായിരുന്നു നടനെതിരെ കേസെടുത്തത്. വരണാധികാരിയുടെ അനുമതിയില്ലാതെ ആളെ കൂട്ടിയെന്നാണ് കേസ്. സുഹൃത്തായ രവിചന്ദ്രക്കൊപ്പം ബാൽക്കണിയിൽ നിന്ന് ജനക്കൂട്ടത്തെ കൈവീശിക്കാണിച്ചു. രവിചന്ദ്രക്ക് പിന്തുണയുമായി എക്സിൽ പോസ്റ്റ് പങ്കിടുകയും ചെയ്തു. നിഷ്പക്ഷനാണെന്നും ജനസേന പാർട്ടി സ്ഥാപകനും നടനും അമ്മാവനുമായ പവൻ കല്യാൺ ഉൾപ്പെടെയുള്ളവരെ പാർട്ടി നോക്കാതെ പിന്തുണക്കുന്നുവെന്നും അല്ലു അർജുൻ പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണ എനിക്ക് വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. ഇത്തവണ എന്റെ സുഹൃത്തിന് വേണ്ടി അത് നിറവേറ്റാൻ എനിക്ക് കഴിഞ്ഞു. അചഞ്ചലമായ സ്നേഹവും പിന്തുണയും ഉണ്ടെന്നും തെരഞ്ഞെടുപ്പിൽ എല്ലാ ആശംസകളും അറിയിക്കുന്നുവെന്നും അല്ലു പറഞ്ഞു. തിങ്കളാഴ്ചയാണ് ആന്ധ്രാപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്നത്.