ഹൈദരാബാദ്: ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ സ്വീകാര്യത നേടിയ ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ; ദ റൈസ്. സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പുഷ്പ 2-വിന്റെ ടീസർ ഏപ്രിൽ 8-നു പുറത്തിറങ്ങും. അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുക. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക.

2021ൽ പുറത്തിറങ്ങിയ പുഷ്പയുടെ ആദ്യഭാഗത്തിലൂടെ മലയാളി നടൻ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് അല്ലു അർജുന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ് പുഷ്പ 2 എത്തുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് നിർമ്മാണം. അല്ലു അർജുൻ, രശ്മിക മന്ദന, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്ലോ കുബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, പിആർഒ: ആതിര ദിൽജിത്ത്.