മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കായ ചിത്രം ബോക്‌സോഫീസിൽ വൻ പരാജയമായിരുന്നു. ലാൽ സിങ് ഛദ്ദയിലെ ആമിറിന്റെ അഭിനയത്തേക്കുറിച്ച് പല വിമർശനവും ഉയർന്നു. സൂപ്പർഹിറ്റ് സംവിധായകൻ എസ്എസ് രാജമൗലി വരെ വിമർശനവുമായി രംഗത്തെത്തി. ആമിറിന്റേത് ഓവർ ആക്റ്റിങ് ആയിരുന്നു എന്നാണ് രാജമൗലി പറഞ്ഞത്.

ആമിറിന്റെ ബന്ധുവും സംവിധായകനുമായ മൻസൂർ ഖാൻ ആണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. രാജമൗലി വിളിച്ച് തന്റെ അഭിനയം ഓവർ ആക്റ്റിങ്ങാണെന്നു പറഞ്ഞതായി ആമിർ തന്നെയാണ് മൻസൂർ ഖാനോട് പറഞ്ഞത്. ഇതോടെ സിനിമയിലെ തന്റെ പ്രകടനത്തേക്കുറിച്ച് ആമിർ ചിന്തിക്കാൻ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. ലാൽ സിങ് ഛദ്ദയിലെ അഭിനയം കുറച്ച് കൂടിപ്പോയെന്ന് നേരത്തെ തന്നെ അമീറിനോട് മൻസൂർ പറഞ്ഞിരുന്നു. എന്നാൽ രാജമൗലി പറഞ്ഞപ്പോഴാണ് അത് ശരിയാണെന്ന് ആമിറിന് മനസിലായത്.

ആമിറിന് നല്ല നർമ്മബോധമുണ്ട്. ഒരുദിവസം അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു, അഭിനയം കുറച്ചു കൂടിപ്പോയെന്ന് നിങ്ങൾ എന്നോട് പറഞ്ഞപ്പോൾ നിങ്ങൾ സൂഷ്മമായി നിരീക്ഷിക്കുന്ന ആളായതുകൊണ്ടാവും അങ്ങനെ തോന്നിയത് എന്നാണ് കരുതിയത്. പക്ഷേ രാജമൗലിയെ പോലെ ഒരാൾ എന്നോട് ഓവർ ആക്റ്റിങ്ങായി തോന്നി എന്നു പറഞ്ഞപ്പോൾ എനിക്ക് തോന്നി, അദ്ദേഹത്തിനും ഓവർ ആക്റ്റിങ്ങായി തോന്നുന്നെങ്കിൽ ശരിയായിരിക്കും എന്ന്.- പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ആമിറുമായി നടത്തിയ സംഭാഷണത്തേക്കുറിച്ച് മൻസൂർ പറഞ്ഞു.

എനിക്ക് തിരക്കഥ ഇഷ്ടപ്പെട്ടു. അതുൽ കുൽക്കർണി മികച്ച രീതിയിൽ തിരക്കഥ എഴുതിയിട്ടുണ്ട്. ആമിറിന്റെ മുഖഭാവങ്ങൾ കുറച്ച് മുകളിൽ പോയി. ആ കഥാപാത്രത്തെ മണ്ടനായോ ഏതെങ്കിലും രോഗം ബാധിച്ചവനോ അല്ല. വ്യത്യസ്തനായ കഥാപാത്രമാണ്. ഒറിജിനൽ സിനിമയിലെ ടോം ഹാങ്ക്‌സിന്റെ പ്രകടനം എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം വളരെ മികച്ച രീതിയിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇത് ഞാൻ ആമിറിനോട് പറയുകയും ചെയ്തു.- മൻസൂർ ഖാൻ പറഞ്ഞു.