മുംബൈ: ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാറ്റും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം തന്റെ 60-ാം പിറന്നാളിനാണ് ആമിർ ഖാൻ ഗൗരിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. തങ്ങളുടെ പ്രണയബന്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, മനസ്സുകൊണ്ട് താൻ ഗൗരിയെ എന്നേ വിവാഹം കഴിച്ചുകഴിഞ്ഞെന്നും ആമിർ ഖാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

പുതിയ വീടെടുത്ത്, ആമിർ ഖാന്റെ കുടുംബ വീടിനോട് ചേർന്നാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ ഒരുങ്ങുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആമിർ ഖാൻ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. "ഞാൻ നിർമിക്കുന്ന 'ഹാപ്പി പട്ടേൽ' എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഗൗരിയും ഞാനും ഞങ്ങളുടെ കാര്യത്തിൽ വളരെ ഗൗരവമുള്ളവരാണ്. ഇപ്പോൾ തന്നെ പരസ്പരം പ്രതിബദ്ധതയുള്ള പങ്കാളികളാണ് ഞങ്ങൾ. ഞങ്ങൾ ഒരുമിച്ചാണ്. വിവാഹം എന്നത് മറ്റൊന്നാണ്. എന്റെ ഹൃദയത്തിൽ ഞാൻ ഗൗരിയെ വിവാഹം കഴിച്ചു കഴിഞ്ഞു. അത് ഔദ്യോഗികമാക്കണോ വേണ്ടയോ എന്നത് വേറെ കാര്യം. മുന്നോട്ട് പോകവെ തീരുമാനിക്കാം," ആമിർ ഖാൻ പറഞ്ഞു.

കിരൺ റാവുവുമായി പിരിഞ്ഞ ശേഷമാണ് ആമിർ ഖാൻ ഗൗരി സ്പ്രാറ്റുമായി പ്രണയത്തിലാകുന്നത്. 25 വർഷത്തോളം സുഹൃത്തുക്കളായിരുന്ന ഇവർ, വർഷങ്ങളോളം നേരിൽ കണ്ടിരുന്നില്ല. പിന്നീട് രണ്ട് വർഷം മുമ്പ് വീണ്ടും കണ്ടുമുട്ടുകയും അധികം വൈകാതെ പ്രണയത്തിലാവുകയുമായിരുന്നു. ഒന്നര വർഷത്തോളം രഹസ്യമാക്കി വെച്ച ഈ ബന്ധം, ആമിർ ഖാൻ തന്റെ ജന്മദിനത്തിലാണ് പരസ്യമാക്കിയത്. അന്ന് പരിചയപ്പെടുത്തുമ്പോൾ 18 മാസമായിരുന്നു ഇരുവരും പ്രണയത്തിലായിരുന്നത്. അതിനുശേഷം പല വേദികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഗൗരിക്ക് ആമിർ ഖാന്റെ കുടുംബവുമായും അടുത്ത ബന്ധമാണുള്ളത്.