മുംബൈ: വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷവും അടുത്തു സുഹൃത്തുക്കളായി തുടരുന്നവരാണ് ആമിർഖാനും കിരൺ റാവുവും. സിനിമയിലും ജീവിതത്തിലുമെല്ലാം പരസ്പര പിന്തുണ നൽകിയാണ് ഇവർ മുന്നോട്ടു പോകുന്നത്. ഇപ്പോൾ വിവാഹബന്ധം വേർപെടുത്താനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് കിരൺ. സ്വതന്ത്ര്യമായി ജീവിക്കാൻ വേണ്ടിയാണ് വിവാഹമോചനം നേടിയത് എന്നാണ് താരം പറയുന്നത്. വിവാഹമോചനത്തെ താൻ ഭയന്നിരുന്നില്ലെന്നും കിരൺ കൂട്ടിച്ചേർത്തു.

വിവാഹത്തിന് മുൻപ് ഒരു വർഷം താനും ആമിർ ഖാനും ഒന്നിച്ചു താമസിച്ചിരുന്നു എന്നാണ് കിരൺ പറയുന്നത്. മാതാപിതാക്കളുടെ നിർബന്ധത്തെ തുടർന്നാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും കിരൺ പറയുന്നത്. വിവാഹത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ വ്യക്തിയെന്ന രീതിയിലും ദമ്പതികളായും മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

വിവാഹത്തിനുള്ളിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. വീടു നോക്കുക, കുടുംബത്തെ ഒന്നിച്ചു നിർത്തുക എന്നതൊക്കെ സ്ത്രീകളുടെ ഉത്തരവാദിത്വമാണ്. എന്നാൽ എന്റെ നല്ല സമയം ഞാൻ സ്വന്തമാക്കിയതിനാൽ ഇനി അതിൽ ബുദ്ധിമുട്ടേണ്ടതില്ല. രണ്ട് വ്യക്തികൾ എന്ന നിലയിൽ മികച്ച ബന്ധമാണ് നിലനിൽക്കുന്നത്. ഞങ്ങൾ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുയും ചെയ്യുന്നു.

അതിൽ ഒരു മാറ്റവും വന്നിട്ടില്ല. അതിനാൽ എനിക്ക് ബുദ്ധിമുട്ടില്ല. എനിക്ക് എന്റെ ഇടം വേണമെന്ന് എനിക്കറിയാം. സ്വതന്ത്ര്യമായി എനിക്ക് ജീവിക്കണമായിരുന്നു. എന്നെ സ്വയം വളർത്താൻ. എന്റെ സ്വന്തം വളർച്ചയ്ക്ക് ഇത് വേണമെന്നാണ് ഞാൻ കരുതുന്നത്. ആമിറിന് അത് മനസിലാവും അതിനാൽ അദ്ദേഹം എന്നെ പിന്തുണച്ചു. ഞാൻ വിവാഹമോചനത്തെ പേടിച്ചിരുന്നില്ല.- കരൺ പറഞ്ഞു.