ലണ്ടൻ: ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്സന്റെ പുത്തൻ ലുക്ക് ദിവസങ്ങൾക്കു മുമ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഓപ്പൻ ഹൈമർ താരം കിലിയൻ മർഫിയോടാണ് പലരും എമിയുടെ ലുക്കിനെ ഉപമിച്ചത്. എന്നാൽ ഇപ്പോഴിതാ തന്റെ ലുക്കിനെ പറ്റി വന്ന മോശം കമന്റുകൾ വേദനിപ്പിച്ചെന്നു വ്യക്തമാക്കിയിരിക്കുകയാണ് എമി.

ഞാനൊരു അഭിനേതാവാണ്, എന്റെ ജോലി ഞാൻ വളരെ ഗൗരത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാൻ യുകെയിൽ പുതിയ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നു. എന്റെ കഥാപാത്രത്തിന് വേണ്ടിയാണ് ലുക്ക് ഇങ്ങനെ മാറ്റം വരുത്തിയത്. കഥാപാത്രത്തിന് വേണ്ടിയാണ് മെലിയേണ്ടിവന്നതും.

എന്റെയൊപ്പം പ്രവർത്തിച്ച നിരവധി നടന്മാർ സിനിമയ്ക്ക് വേണ്ടി ലുക്കിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. അവർക്ക് പ്രശംസകളാണ് ലഭിച്ചത്. എന്നാൽ ഒരു നടി അങ്ങനെ ചെയ്യുമ്പോൾ ആളുകൾ വിമർശിക്കുന്നു. തങ്ങളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ഒരു സ്ത്രീ രൂപത്തിൽ മാറ്റം വരുത്തിയാൽ അവരെ ട്രോളാനുള്ള അവകാശമുണ്ടെന്നാണ് പലരും കരുതുന്നതെന്ന് എമി ജാക്സൺ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.