മലയാളത്തില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന താരങ്ങളായി മാറിയിരിക്കുകയാണ് അനശ്വര രാജനും മമിത ബൈജുവും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളും സൂപ്പര്‍ ശരണ്യ എന്ന ചിത്രവും ശ്രദ്ധ നേടിയിരുന്നു. പിന്നീട് രണ്ട് പേരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ ഇറങ്ങിയില്ല. എങ്കിലും സോഷ്യല്‍ മീഡിയകളില്‍ രണ്ട് പേരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരങ്ങള്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ കുറച്ച കാലങ്ങളായി രണ്ട് പേരുടെയും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഒന്നും കണ്ടിരുന്നില്ല. ഇതിനിടെ രണ്ട് പേരും തമ്മില്‍ അടുത്തിടെയായി അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങളും ഉണ്ടായി. ഇപ്പോഴിതാ അതിനു മറുപടി നല്‍കിയിരിക്കുകയാണ് അനശ്വര.

തങ്ങള്‍ സുഹൃത്തുക്കളാണെന്നും മത്സരത്തിന്റെ ആവശ്യമില്ലെന്നും അനശ്വര പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങളെല്ലാവരും ഒരു ഗ്രൂപ്പിലുള്ളവരും സുഹൃത്തുക്കളുമാണ്, മത്സരമില്ല. ഞങ്ങള്‍ക്കിടയില്‍ താര്യതമ്യം വരേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആരോഗ്യപരമായ മത്സരത്തിനപ്പുറത്തേക്ക് യാതൊന്നും ഇല്ല. അങ്ങനെയൊരു ചിന്ത ഞങ്ങളുടെ ഗ്രൂപ്പില്‍ ആര്‍ക്കിടയിലും ഇല്ല. മാത്യു, നസ്ലിന്‍ എന്നിവരുടെ കാര്യമെടുത്താല്‍ അവരും വളരെ നല്ല സുഹൃത്തുക്കളാണ്. ആരാണ് മികച്ചത് എന്ന മത്സരത്തിനല്ല നമ്മള്‍ ഇവിടെ ഇരിക്കുന്നത്. നമ്മള്‍ കിട്ടുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാനാണ് ശ്രമിക്കുന്നത്- അനശ്വര പറയുന്നു.

രേഖാചിത്രം, എന്ന് സ്വന്തം പുണ്യാളന്‍ എന്നീ ചിത്രങ്ങളാണ് അനശ്വരയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വിജയുടെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് മമ്മിതയിപ്പോള്‍. തമിഴ് ചിത്രം റിബലാണ് അവസാനം റിലീസായ ചിത്രം.