കുടുംബ സംഗമത്തില്‍ ചട്ടയും മുണ്ടും ധരിച്ച് ലോങ്ജമ്പ് താരം അഞ്ജു ബേബി ജോർജ് സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച ചിത്രത്തിൽ ശ്രദ്ധ നേടുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന സിനിമയിൽ നടി ഷീല അനശ്വരമാക്കിയ കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് അഞ്ജുവെത്തിയത്. താരം തന്നെയാണ് പ്രകടനത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

'കുടുംബസംഗമം പോലെ മറ്റൊന്നില്ല. അഭിനയിക്കുന്നതും ചിരിക്കുന്നതും ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഞങ്ങളുടെ ബന്ധം ആർക്കും തകർക്കാൻ കഴിയില്ല,' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. 'ഈ ഫോട്ടോ എങ്ങാനും പ്രേം നസീർ സർ കണ്ടിരുന്നെങ്കിൽ ഷീലാമ്മ ഗ്രൗണ്ടിൽ പ്രാക്ടീസിനു പോവേണ്ടി വന്നേനെ,' എന്ന രസകരമായ കമന്റ് ഏറെ ശ്രദ്ധ നേടി.

അഞ്ജുവിന് പുറമെ കുടുംബത്തിലെ മറ്റുചിലരും സിനിമാ കഥാപാത്രങ്ങളായി വേദിയിലെത്തി. 'ചാന്ത്പൊട്ടി'ലെ രാധാകൃഷ്ണൻ, 'ആവേശ'ത്തിലെ രംഗണ്ണൻ, 'മണിച്ചിത്രത്താഴി'ലെ നാഗവല്ലി തുടങ്ങിയ കഥാപാത്രങ്ങളെയും കുടുംബാംഗങ്ങൾ അവതരിപ്പിച്ചത് സംഗമത്തിന് കൂടുതൽ നിറം പകർന്നു.

ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് അഞ്ജു ബോബി ജോർജ്. 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജമ്പിൽ വെങ്കലം നേടിയതോടെയാണ് അഞ്ജു ലോകശ്രദ്ധ നേടിയത്. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ അഞ്ജു സ്വന്തമാക്കി. നിലവിൽ അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്‌ലീറ്റ്സ് കമ്മീഷൻ അധ്യക്ഷയാണ്.