- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോളിവുഡിലെ കഥാപാത്രങ്ങൾക്ക് മികച്ച നിലവാരം, തിരക്കഥകളിൽ നിറഞ്ഞുനിൽക്കുന്നത് മനുഷ്യത്വം'; മലയാളം അറിയാമായിരുന്നെങ്കിൽ കേരളത്തിൽ താമസമാക്കിയേനെ; തുറന്ന് പറഞ്ഞ് ആൻഡ്രിയ
ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ നായികയും ഗായികയുമായ ആൻഡ്രിയ ജെറമിയ മലയാള സിനിമയ്ക്ക് നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത് വാർത്താ ലോകത്ത് ചർച്ചയായിരിക്കുകയാണ്. മലയാള സിനിമയിലെ കഥാപാത്രങ്ങളുടെ ആഴത്തെയും, കലാകാരന്മാർക്ക് ലഭിക്കുന്ന ബഹുമാനത്തെയും പ്രശംസിച്ച ആൻഡ്രിയ, ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്നെങ്കിൽ കേരളത്തിൽ തന്നെ സ്ഥിരതാമസമാക്കുമായിരുന്നു എന്നും വെളിപ്പെടുത്തി.
പുറത്തിറങ്ങാനിരിക്കുന്ന 'മാസ്‌ക്' എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആൻഡ്രിയ മലയാള സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. തമിഴ് സിനിമയെ അപേക്ഷിച്ച് മലയാളത്തിൽ കഥാപാത്രങ്ങൾ എഴുതുന്ന രീതി വളരെ മികച്ചതും ആഴത്തിലുള്ളതുമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
"മലയാള സിനിമയിൽ എഴുതപ്പെടുന്ന കഥാപാത്രങ്ങളുടെ നിലവാരം മികച്ചത്. എനിക്ക് മലയാള ഭാഷയിൽ നല്ല അറിവുണ്ടായിരുന്നെങ്കിൽ, ഞാൻ തീർച്ചയായും അവിടെ പോയി അഭിനയിക്കുകയും കേരളത്തിൽ താമസമാക്കുകയും ചെയ്യുമായിരുന്നു," ആൻഡ്രിയ പറഞ്ഞു. മലയാള സിനിമയിലെ കലാകാരന്മാർക്ക് ലഭിക്കുന്ന ബഹുമാനം, തിരക്കഥകളിൽ നിറഞ്ഞുനിൽക്കുന്ന മനുഷ്യത്വം, അഭിനയ മികവിന് വിലകൽപ്പിക്കുന്ന സംസ്കാരം എന്നിവയെല്ലാം തന്നെ ഈ ചിന്തയിലേക്ക് എത്തിച്ചെന്നും അവർ വിശദീകരിച്ചു.
സിനിമയുടെ വിജയം നിർണ്ണയിക്കുന്നതിൽ ഉള്ളടക്കത്തിനുള്ള പങ്ക് എത്ര വലുതാണെന്നും ആൻഡ്രിയ ചൂണ്ടിക്കാട്ടി. "നാല് കോടി രൂപ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഒരു സിനിമയ്ക്ക് പോലും ഉള്ളടക്കത്തിന്റെ മികവുകൊണ്ട് 100 കോടി രൂപ വരെ നേടാൻ സാധിക്കുന്നത് മലയാളത്തിൽ മാത്രമാണ്." ഹോളിവുഡിലും മലയാളത്തിലും, മുൻനിര താരങ്ങൾ പോലും കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കി സഹവേഷങ്ങൾ ചെയ്യുന്ന രീതി നിലവിലുണ്ട്. കഥയിൽ ഇഷ്ടമുള്ള വേഷം ലഭിച്ചാൽ അത് പ്രധാന കഥാപാത്രമാണോ സഹകഥാപാത്രമാണോ എന്ന് അവർ ശ്രദ്ധിക്കുന്നില്ല. ഈ നിലപാടാണ് മലയാള സിനിമയുടെ വിജയത്തിന് കാരണമെന്നും, ഇത് തമിഴ് സിനിമയും പിന്തുടരണമെന്നും ആൻഡ്രിയ ആഗ്രഹം പ്രകടിപ്പിച്ചു.
അതേസമയം, മലയാളം സിനിമകളിൽ കൂടുതൽ അഭിനയിക്കാത്തതിന്റെ പ്രധാന കാരണം ഭാഷാപരമായ തടസ്സമാണെന്നും അവർ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ഭാഷ നന്നായി അറിയാത്ത ഒരു മാധ്യമത്തിൽ അഭിനയിക്കുന്നത് ബുദ്ധിമുട്ടാണ്, സ്വന്തം ഡയലോഗുകൾ കൃത്യമായി അറിഞ്ഞുകൊണ്ട് അവതരിപ്പിക്കാൻ താൽപ്പര്യപ്പെടുന്നു എന്നും അവർ പറഞ്ഞിരുന്നു.




