- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗാനം കേട്ട് രംഗണ്ണൻ ഇറങ്ങി ഓടി, ഇലുമിനാറ്റിയെ കൊന്നു'; ആവേശത്തിലെ പാട്ട് പാടിയതിന് പിന്നാലെ ആൻഡ്രിയക്ക് ട്രോൾ മഴ; 'എയറിൽ നിന്ന് ശൂന്യകാശത്തേക്ക്' എന്ന് ആരാധകർ
ഹൈദരാബാദ്: തെന്നിന്ത്യൻ നായികയും ഗായികയുമായ ആൻഡ്രിയ ജെറമിയയെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയിൽ കുളിപ്പിക്കുകയാണ് മലയാളം സിനിമാ പ്രേമികൾ. അടുത്തിടെ നടന്ന ഒരു സ്റ്റേജ് ഷോയിൽ, സൂപ്പർഹിറ്റ് മലയാള ചിത്രം 'ആവേശം' സിനിമയിലെ വൈറൽ ഗാനമായ 'ഇല്ലുമിനാറ്റി' ആലപിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. സ്വന്തം ശൈലിയിൽ മാറ്റങ്ങൾ വരുത്തി ഗാനം അവതരിപ്പിച്ചപ്പോൾ അതിനെ 'കൊന്നു കളഞ്ഞു' എന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം.
ടൊയോട്ട സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ആൻഡ്രിയ ഈ റാപ്പ് ഗാനം ആലപിച്ചത്. ജീത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രംഗണ്ണൻ എന്ന കഥാപാത്രത്തിലൂടെയാണ് 'ഇല്ലുമിനാറ്റി' ഗാനം രാജ്യമെമ്പാടും തരംഗമായത്. സുഷിൻ ശ്യാം സംഗീതം നൽകി റാപ്പർ ഡാബ്‌സി ആലപിച്ച ഈ ഗാനം ഭാഷാ അതിർത്തികൾ ഭേദിച്ച് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, ആൻഡ്രിയയുടെ പ്രകടനം ഒറിജിനൽ ഗാനത്തിന്റെ താളത്തോടും ഭാവത്തോടും നീതി പുലർത്തിയില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ഗാനം കേട്ട് 'രംഗണ്ണൻ ഇറങ്ങി ഓടി കാണും' എന്നാണ് പലരും കമന്റ് ബോക്സുകളിൽ കുറിച്ചത്. 'ഇലുമിനാറ്റി ചത്തു, ആൻഡ്രിയ കൊന്നു,' 'രംഗണ്ണനോട് എന്തോ ദേഷ്യമുള്ളതുപോലെയാണ് ഈ പാട്ട്,' 'ഹൈ പിച്ചിൽ പാടാൻ നോക്കി, നൈസായി പാളി,' 'എയറിൽ നിന്ന് ശൂന്യകാശത്തേക്ക്' എന്നിങ്ങനെ രസകരവും എന്നാൽ വിമർശനാത്മകവുമായ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്. പാട്ടിന്റെ ഒറിജിനൽ വരികൾ പോലും ആൻഡ്രിയ മറന്നുപോയെന്നും ചിലർ പരിഹസിക്കുന്നു.




