കൊച്ചി: റത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' എന്ന സിനിമ പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണെന്ന് നടി ആൻ അഗസ്റ്റിൻ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയെക്കുറിച്ച് സംസാരിച്ചത്. 'കണ്ടു കഴിഞ്ഞാൽ മറന്നുപോകുന്ന സിനിമയല്ല 'പാതിരാത്രി'. നമ്മളെ പിന്തുടരുന്ന എന്തോ ഒന്ന് അതിലുണ്ട്. സിനിമ കണ്ടു വീട്ടിലെത്തിയാലും അതിനെക്കുറിച്ച് നമ്മൾ വീണ്ടും ആലോചിക്കും. സിനിമയിലെ കഥാപാത്രങ്ങളെയും ആ സ്ഥലത്തെയും കുറിച്ച് ഓർക്കും. എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ കഥയുണ്ട്. ഈ സിനിമയിലെ സ്ഥലവും കാലാവസ്ഥയുമൊക്കെ ചിത്രത്തിന് വലിയ മുതൽക്കൂട്ടായിട്ടുണ്ട്,' ആൻ അഗസ്റ്റിൻ പറഞ്ഞു.

കൺവെൻഷനൽ പൊലീസ് സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി, അന്വേഷണത്തിനിടയിൽ കടന്നുവരുന്ന സംഭവങ്ങളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ചിത്രമാണ് 'പാതിരാത്രി'. ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന കോൺസ്റ്റബിൾ ഹരീഷ്, നവ്യ നായർ അവതരിപ്പിക്കുന്ന പ്രബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ഹരിശ്രി അശോകൻ, സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ഇന്ദ്രൻസ്, അച്യുത് കുമാർ, ശബരീഷ് വർമ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'ജീവിതത്തിൽ ഒരു ഘട്ടത്തിൽ മുന്നോട്ട് പോകാൻ കഴിയാതെ സ്റ്റക്കായിപ്പോകുന്ന, എന്ത് ചെയ്യണമെന്നറിയാതെ വലയുന്ന മനുഷ്യരുണ്ട്. ചില സാഹചര്യങ്ങൾ കാരണം ഇങ്ങനെയായി പോകുന്നവരാണ് അവർ. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ഞാൻ അവതരിപ്പിക്കുന്നത്. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം നമുക്ക് ചുറ്റും കാണുന്നവരാണ്. ഈ മൂന്നുപേരിൽ ആരുടെയെങ്കിലും ജീവിത സാഹചര്യങ്ങളിലൂടെ നമ്മൾ കടന്നുപോയിട്ടുണ്ടാകാം,' എന്നാണ് നവ്യ നായർ തന്റെ കഥാപാത്രത്തെക്കുറിച്ച് മുമ്പ് പറഞ്ഞിരുന്നത്.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഷാജി മാറാടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 'ഇലവഴാ പൂഞ്ചിറ'ക്ക് ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.