കൊച്ചി: തന്റെ അച്ഛന്റെ പേരിനെ കുറിച്ച് അന്ന ബെൻ പറഞ്ഞ വാക്കുകൾ സാമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അച്ഛന്റെ പേരിനൊപ്പമുള്ള 'നായരമ്പലം' എന്ന ഭാഗം കാരണം തന്റെ ജാതിയെയും മതത്തെയും കുറിച്ച് പലപ്പോഴും ആളുകൾക്കിടയിൽ സംശയങ്ങൾ ഉയരാറുണ്ടെന്ന് നടി വെളിപ്പെടുത്തി. വെണ്ണല ക്ഷേത്രത്തിൽ നടന്ന ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് അന്ന ബെൻ ഇക്കാര്യം വ്യക്തമാക്കിയത്.

"അന്ന ബെൻ എന്തിനാണ് അമ്പലത്തിന്റെ ഉദ്ഘാടനത്തിന് വന്നിരിക്കുന്നതെന്ന് എന്നോട് കുറച്ചു പേർ ചോദിച്ചിട്ടുണ്ട്," അന്ന ബെൻ പറഞ്ഞു. "എന്റെ അച്ഛന്റെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ട്. ബെന്നി പി. നായരമ്പലം എന്നാണല്ലോ. അപ്പോൾ എന്താ നായരാണോ എന്ന് ഇടയ്ക്ക് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. പക്ഷേ എന്റെ പേര് അന്ന ആണല്ലോ... ഇതൊന്നും തമ്മിൽ ചേരുന്നില്ല. അപ്പോൾ ഇനി അന്നപൂർണ ആണോ എന്നൊക്കെ സ്കൂൾ കാലഘട്ടം മുതൽ ഞാൻ കേൾക്കുന്ന ചോദ്യങ്ങളാണ്," അവർ കൂട്ടിച്ചേർത്തു.

മധു സി. നാരായണൻ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അന്ന ബെൻ, പിന്നീട് തമിഴിലും തെലുങ്കിലുമടക്കം ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത 'കൊട്ടുകാളി', നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2989 എഡി' എന്നിവയാണ് അന്ന ബെന്നിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. 'ലോക' എന്ന മലയാള സിനിമയിൽ ഒരു കാമിയോ വേഷത്തിലും താരം എത്തിയിരുന്നു.