ചെന്നൈ: ഇന്നും ഒട്ടേറെ ആരാധകരുള്ള സിനിമയും കഥാപാത്രവുമാണ് അന്യന്‍.വിക്രമിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയായ അന്യന്‍ അതുവരെയുണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചിരുന്നു.രണ്ടാം ഭാഗങ്ങള്‍ തുടര്‍ക്കഥയാവുന്ന ഇന്നത്തെ കാലത്ത് അന്യന് രണ്ടാം ഭാഗം ഉണ്ടാവുമോയെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

നാളുകളായി തുടരുന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് വിക്രം.തങ്കലാന്റെ ഹിന്ദി പതിപ്പിന്റെ റിലീസിനോട് അനുബന്ധിച്ച് ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിക്രം അന്ന്യന്‍ സിനിമയെ കുറിച്ച് മനസ് തുറന്നത്.നേരത്തെ രണ്‍വീര്‍ സിങ്ങിനെ നായകനാക്കി വിക്രം അന്ന്യന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ഒരു റീമേക്ക് കാണാന്‍ ആഗ്രഹമുണ്ടോ എന്നായിരുന്നു ചിയാനോടുള്ള ചോദ്യം.

ഇതിന് മറുപടിയായി അന്ന്യന് ഷങ്കര്‍ എന്നെ വച്ച് രണ്ടാം ഭാഗം ഒരുക്കണമായിരുന്നു എന്നാണ് ചിയാന്‍ പറഞ്ഞത്. ഇതോടെയാണ് രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.രണ്‍വീറിനെ നായകനാക്കി അന്ന്യന്‍ റീമേക്ക് ഒരുക്കുന്നതിനെ ചിയാന്‍ വിക്രം സ്വാഗതം ചെയ്തു. രണ്‍വീര്‍ തന്റെ നല്ലൊരു അനിയനാണെന്നും ഒരു താരമെന്ന നിലയിലും തനിക്ക് അദ്ദേഹത്തെ ഇഷ്ടമായതിനാല്‍ രണ്‍വീര്‍ അഭിനയിക്കുന്ന പതിപ്പ് കാണാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു ചിയാന്‍ വിക്രം പറഞ്ഞത്.

നേരത്തെ ഷങ്കര്‍ സംവിധാനം ചെയ്ത യന്തിരന്‍, ഇന്ത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗം ഒരുങ്ങിയിരുന്നെങ്കിലും ആദ്യ ചിത്രങ്ങള്‍ പോലെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നില്ല.ഇന്ത്യന്‍ പോലുള്ള ചിത്രങ്ങള്‍ക്ക് പകരം അന്ന്യന്‍ പോലുള്ള ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗം ഒരുക്കണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നത്.

അതേസമയം അന്ന്യന്റെ ഹിന്ദി റീമേക്കില്‍ നിന്ന് പിന്മാറുകയാണെന്ന് നേരത്തെ ഷങ്കര്‍ വ്യക്തമാക്കിയിരുന്നു.അന്ന്യന്‍ സിനിമയുടെ നിര്‍മാതാവ് ആയ ഓസ്‌കാര്‍ രവിചന്ദ്രന്‍ എതിര്‍പ്പുമായി എത്തിയതോടെയാണ് ചിത്രം ഷങ്കറിന് ഉപേക്ഷിക്കേണ്ടി വന്നത്.രണ്‍വീറിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം നിര്‍മ്മിക്കാനിരുന്നത് ജയന്തിലാല്‍ ഗദയായിരുന്നു.എന്നാല്‍ അന്ന്യന്റെ പകര്‍പ്പവകാശം തനിക്കാണെന്നായിരുന്നു ഓസ്‌കാര്‍ രവിചന്ദ്രന്‍ പറഞ്ഞത്.നേരത്തെ അന്ന്യന്‍ റിലീസ് ചെയ്ത സമയത്ത് അപരിചിത് എന്ന പേരില്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തിരുന്നു.