- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡാ അനൂപേ, ഇതിന് എന്റെ അച്ഛന്റെ മണമാ..'; ധരിച്ചിരുന്ന ഉടുപ്പും മുണ്ടും ഊരി മറ്റൊരാൾക്ക് നൽകി; കലാഭവന്‍ മണിയെന്ന മനുഷ്യനെ ഞാന്‍ അറിഞ്ഞത് അങ്ങനെ; ഓർമ്മകൾ പങ്കുവെച്ച് അനൂപ് ചന്ദ്രൻ

കൊച്ചി: മലയാളത്തിന്റെ പ്രിയ താരം കലാഭവൻ മണിയുടെ ഓർമ്മകൾ മലയാളിക്ക് ഇന്നും ഒരു വിങ്ങലാണ്. ആ ഓർമ്മദിനത്തിൽ, മണിയെന്ന മനുഷ്യനെ താൻ നെഞ്ചോട് ചേർക്കാൻ കാരണമായ വികാരനിർഭരമായൊരു അനുഭവം പങ്കുവെക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ. അട്ടപ്പാടിയിലെ ഒരു ഓണാഘോഷത്തിനിടെ നടന്ന അവിശ്വസനീയമായ സംഭവമാണ് അനൂപ് തന്റെ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.
പത്തുവർഷം മുമ്പ് അട്ടപ്പാടിയിലെ ആദിവാസി ഊരിൽ മണി സംഘടിപ്പിച്ച ഓണസദ്യയിലേക്കാണ് അനൂപ് ചന്ദ്രനെ അദ്ദേഹം ക്ഷണിക്കുന്നത്. മണിയോടൊപ്പം ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച തനിക്ക്, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ആഴം മനസ്സിലാക്കാൻ ആ യാത്ര ഉപകരിച്ചുവെന്ന് അനൂപ് പറയുന്നു. എല്ലാവർക്കും ഓണസദ്യയും ഓണക്കോടിയും നൽകി മണി അവരോടൊപ്പം സന്തോഷം പങ്കിട്ടു.
വിതരണത്തിന് ഒടുവിൽ വസ്ത്രം ലഭിക്കാത്ത ഒരാളെ കണ്ടപ്പോൾ, ഒട്ടും ആലോചിക്കാതെ താൻ ധരിച്ചിരുന്ന ഉടുപ്പും മുണ്ടും ഊരി നൽകി അദ്ദേഹത്തിന്റേത് വാങ്ങി മണി ധരിച്ചു. ആ വസ്ത്രത്തിൽ തന്നെ അദ്ദേഹം വേദിയിൽ പാടുകയും ആടുകയും ചെയ്തു. പരിപാടി കഴിഞ്ഞ് ചാലക്കുടിയിലേക്കുള്ള യാത്രയിൽ അനൂപിനെ മണി തന്റെ വണ്ടിയിൽ കൂടെ കൂട്ടി. യാത്രയ്ക്കിടെ വണ്ടിക്കുള്ളിൽ പടർന്ന ഒരു പ്രത്യേക ഗന്ധത്തെക്കുറിച്ച് അനൂപ് പറയുന്നു. "ആ ഉടുപ്പിൽ നിന്നും മുണ്ടിൽ നിന്നും വന്ന മണം മൂക്കിലേക്ക് ശക്തമായി വലിച്ചു കേറ്റിയിട്ട് മണി എന്നോട് പറഞ്ഞു: 'ഡാ അനൂപേ, ഇതിന് എന്റെ അച്ഛന്റെ മണമാടാ...'"
അധ്വാനിക്കുന്നവന്റെ, മണ്ണിൽ പണിയെടുക്കുന്നവന്റെ വിയർപ്പിന് സ്വന്തം അച്ഛന്റെ ഗന്ധമാണെന്ന് തിരിച്ചറിയാനുള്ള ആ വലിയ മനസ്സാണ് കലാഭവൻ മണിയെ സാധാരണക്കാരുടെ പ്രിയപ്പെട്ടവനാക്കി മാറ്റിയതെന്ന് അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു. നിഷ്കളങ്കമായ ആ വാക്കുകളാണ് മണിയെ താൻ ഏറെ ബഹുമാനിക്കാനും സ്നേഹിക്കാനും കാരണമായതെന്നും അദ്ദേഹം ഓർത്തെടുത്തു.


