കൊച്ചി: ഭാര്യയെ കുറിച്ചു പറഞ്ഞ് നടൻ അനൂപ് മേനോൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭർത്താവ് മരിച്ച സ്ത്രീയെ വിവാഹം കഴിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് അനൂപ് മേനോൻ മറുപടി നൽകിയത്. ക്ഷേമയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഇപ്പോഴിതാ തന്റേയും ഷേമയുടേയും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അനൂപ് മേനോൻ.

'അതിൽ അങ്ങനൊരു വിശാലതയൊന്നുമില്ല. ഒരാളെ നമ്മൾക്ക് ഇഷ്ടമാകുന്നു, അയാളെ വിവാഹം കഴിക്കുന്നു എന്നല്ലാതെ ഒരു വിശാലതയുടേയും കാര്യം അതിലില്ല. നമ്മളുടെ പെർഫെക്ട് പങ്കാളിയായി ഒരാളെ കാണുമ്പോൾ കുറേനാൾ ആ സൗഹൃദം മുന്നോട്ട് പോയിക്കഴിഞ്ഞു ഒരു പോയന്റിലെത്തുമ്പോൾ നമ്മൾ തീരുമാനിക്കും ഇനി കൂടെ ഉണ്ടാകേണ്ടത് ഇയാൾ ആണെന്ന്. അത്രയേയുള്ളൂ. ആദ്യമായി കാണുന്നത് ഒരു കല്യാണത്തിനാണ്. അതുപക്ഷെ വർഷങ്ങൾക്ക് മുമ്പായിരുന്നു.

പിന്നീട് ചെന്നൈയിലെ ഒരു ഫൗണ്ടേഷന്റെ പരിപാടിക്ക് അതിഥിയായി എന്നെ വിളിക്കാൻ വേണ്ടി ബന്ധപ്പെടുകയായിരുന്നു. പിന്നെയത് പതുക്കെ സൗഹൃദമായി മാറുകയായിരുന്നു. അന്നത് പൂർണമായും സൗഹൃദമായിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ മരണമുണ്ടാകുന്നതൊക്കെ. അദ്ദേഹത്തെ നേരിട്ട് അറിയില്ലായിരുന്നു.

അത് കഴിഞ്ഞ്, പത്തോളം വർഷം കഴിഞ്ഞാണ് ഞങ്ങൾ ഇങ്ങനൊരു സാധ്യതയുണ്ടെന്ന് ആലോചിച്ചു തുടങ്ങുന്നത്. നിങ്ങൾ പറയുന്നൊരു വിശാലതയുടെ ഇടമല്ല ഇത്. ഇഷ്ടത്തിന്റെ മാത്രം കാര്യമാണ്... ' അനൂപ് പറയുന്നു. ഷേമയിൽ ഇഷ്ടപ്പെട്ടൊരു ക്വാളിറ്റി എന്താണെന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

'ഒരു ക്വാളിറ്റി എന്ന് മാത്രമായി പറയാനാകില്ല. വേറെ ഒരാളുടെ കൂടെയും ഞാൻ ഇത്ര നന്നായി ജീവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രയും മാനസികമായ ഐക്യമുണ്ട്. ഞാൻ എപ്പോഴും ലോസ്റ്റ് ഇൻ തോട്ട്സ് ആയി ഇരിക്കുന്ന ആളാണ്, എപ്പോഴും സിനിമ ചിന്തിക്കുന്ന ആളാണ്. പല പല കാര്യങ്ങളും അവർക്ക് വേണ്ട സമയത്ത് നമ്മൾ ഉണ്ടായെന്ന് വരില്ല. അത് കൃത്യമായി മനസിലാക്കുന്ന ആളാണ്. തിരിച്ചും അങ്ങനെയാണ്.

ഷേമ ഫിലിം ബഫ് അല്ല. ഞാൻ ആദ്യം കഥ പറയുന്നത് അവളോടാണ്. മോൾ നോട്ടിംഹാമിൽ പഠിക്കാൻ പോവുകയാണ്. സിനിമയോട് താൽപര്യമില്ല. പ്രൊഫഷണൽ ആകണം എന്നാണ്. പഠിക്കുന്ന കാര്യത്തിൽ വളരെയധികം പാഷനേറ്റ് ആണ്. പൂണെയിലായിരുന്നു നേരത്തെ പഠിച്ചത്. ക്ഷേമയും അങ്ങനെയാണ്.

അവൾക്ക് സിനിമയുടെ ജയ പരാജയങ്ങൾ ബാധിക്കാറില്ല. സിനിമ കണ്ട് നന്നായി മോശമായി എന്നൊന്നും പറയില്ല. ഒരുമിച്ച് സിനിമ കണ്ടാൽ ഞാൻ ചോദിക്കുന്നതിന് ഉത്തരം പറയുമെന്നേയുള്ളൂ. ഞാനും ഒരു സിനിമയേയും മോശം സിനിമയായി കാണുന്നില്ല. സാഹചര്യങ്ങൾ കൊണ്ടാകാം മോശമാകുന്നത്. അല്ലാതെ മനപ്പൂർവ്വം മോശമാക്കുന്നതല്ല...' അനൂപ് മേനോൻ പറയുന്നു.