- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതൊക്കെ അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്നേഹത്തിലും വിശ്വാസത്തിലുമാണ് നടക്കേണ്ടത്'; ആ സമയത്ത് നടൻ ജമ്മു കശ്മീരിൽ ഷൂട്ടിലാണെങ്കിലോ?; ബിജു മേനോനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് അനൂപ് മേനോൻ

കൊച്ചി: നടൻ ബിജു മേനോൻ സിനിമകളുടെ പ്രചാരണ പരിപാടികളോട് സഹകരിക്കുന്നില്ലെന്ന സംവിധായകനും നിർമാതാവുമായ ബി. ഉണ്ണികൃഷ്ണൻ്റെ ആരോപണങ്ങളിൽ പ്രതികരിച്ച് അനൂപ് മേനോൻ. പ്രൊമോഷൻ സംബന്ധിച്ച കരാറുകളിലെ അവ്യക്തതകളും ഷൂട്ടിങ് തിരക്കുകളും ബിജു മേനോന്റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് അനൂപ് മേനോൻ ചൂണ്ടിക്കാട്ടി. നേരത്തെ, ബിജു മേനോന്റെ പ്രൊമോഷൻ പരിപാടികളിൽ സഹകരിക്കാത്തത് കാരണം ഒരു നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടം വന്നതായി ബി. ഉണ്ണികൃഷ്ണൻ ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങളെ ശരിവെച്ച് നിർമാതാവ് അനൂപ് കണ്ണനും രംഗത്തെത്തി. താൻ നിർമിച്ച 'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ ബിജു മേനോൻ സഹകരിച്ചില്ലെന്ന് അനൂപ് കണ്ണൻ വ്യക്തമാക്കി. പത്തുദിവസം പ്രചാരണത്തിൽ പങ്കെടുക്കാമെന്നായിരുന്നു കരാറെങ്കിലും, ബിജു മേനോൻ രണ്ട് മണിക്കൂർ മാത്രമാണ് പങ്കെടുത്തതെന്നും അനൂപ് കണ്ണൻ ആരോപിച്ചു. നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ബിജു മേനോൻ പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിലാണ് അനൂപ് മേനോൻ തന്റെ നിലപാട് വ്യക്തമാക്കിയത്. അഭിനേതാക്കളെന്ന നിലയിൽ കരാറിൽ പ്രൊമോഷന് വരണമെന്ന് രേഖപ്പെടുത്താറുണ്ടെങ്കിലും, ഏത് സമയത്താണ് പ്രൊമോഷന് വരേണ്ടതെന്ന് കൃത്യമായി പറയാറില്ലെന്ന് അനൂപ് മേനോൻ ചൂണ്ടിക്കാട്ടി. "ആ സമയത്ത് നടൻ ജമ്മു കശ്മീരിൽ പത്ത് ദിവസത്തെ ഷൂട്ടിംഗിലാണെങ്കിലോ? മിലിട്ടറി ഏരിയയിൽ പത്ത് ദിവസത്തേക്ക് മാത്രമേ ഷൂട്ട് ചെയ്യാൻ പറ്റുള്ളൂവെന്ന സാഹചര്യമാണെങ്കിലോ? അയാൾ അവിടെ വേണ്ടേ?" അനൂപ് മേനോൻ ചോദിച്ചു. റിലീസ് തീയതികൾ പ്രഖ്യാപിച്ച സമയത്ത് നിന്ന് മാറാറുണ്ട് എന്നതും പ്രശ്നം സങ്കീർണ്ണമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ പ്രചാരണം അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്നേഹത്തിലും വിശ്വാസത്തിലുമാണ് നടക്കേണ്ടതെന്ന് അനൂപ് മേനോൻ അഭിപ്രായപ്പെട്ടു. സിനിമയുടെ മൂല്യം, നിർമാതാവ് മാർക്കറ്റിംഗിനായി എത്രമാത്രം നിക്ഷേപം നടത്തുന്നു എന്നിവയെയും ഇത് ആശ്രയിച്ചിരിക്കും. അത്തരത്തിലുള്ള ബന്ധങ്ങളുള്ള ചിത്രങ്ങളുടെ പ്രൊമോഷനുകളിൽ താരങ്ങൾ സഹകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


