തിരുവനന്തപുരം: പെപ്പെയ്ക്ക് എതിരെ പ്രശസ്ത സംവിധായകൻ ജൂഡ് നടത്തിയ വിവാദ പരാമർശം സൈബറിടത്തിൽ ചർച്ചയാകുമ്പോൾ തെളിവു നിരത്തി പെപ്പെ രംഗത്തുവന്നിരുന്നു. ഏട്ടനെ പോലെ കരുതിയ ഒരാൾ തനിക്ക് എതിരെ ഇങ്ങിനെ ചെയ്യും എന്ന് കരുതിയില്ല എന്നും എന്തിനാണ് മറ്റൊരാളുടെ കഞ്ഞിയിൽ പാറ്റ ഇടുന്നത് എന്ന് മനസിലാകുന്നില്ല എന്നും ആന്റണി പ്രതികരിച്ചു. എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ എന്ന് ചിന്തിക്കുകയല്ലേ വേണ്ടത് എന്നും മൂന്നുവർഷം മുൻപ് ഒത്തുതീർപ്പാക്കിയ വിഷയം ഇപ്പോൾ എന്തിനാണ് എടുത്തിടുന്നത് എന്ന് മനസിലാകുന്നില്ല എന്നും തനിക്ക് എതിരെ വന്ന ആരോപണങ്ങളെ തള്ളിക്കൊണ്ട് തെളിവുകൾ നിരത്തി പെപ്പെ പ്രെസ് മീറ്റിൽ സംസാരിച്ചു.

ഇപ്പോഴിതാ പെപ്പെയേക്ക് കട്ട സപ്പോർട്ടുമായി ഭാര്യ അനീഷ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിമര്ശിച്ചവർക്കുള്ള മറുപടി അനീഷ പറഞ്ഞിരിക്കുന്നത്. 'ആർക്കും എന്തും പറയാം പക്ഷെ പറയുമ്പോൾ പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം ... ഇത്രയും ദിവസം ഞങ്ങൾ ഇതേകുറിച്ച് നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളതുകൊണ്ട് മാത്രമാണ്.പല തരത്തിലും ഉള്ള മോശം മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എന്റെ ഭർത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങൾക്ക് ഉള്ളതുകൊണ്ടാണ്.... കളിയാക്കിയവർക്കും ചീത്ത വിളിച്ചവർക്കും ഉള്ള മറുപടി ഇതാണ്' - അനീഷ ഇൻസ്റ്റയിലൂടെ പറഞ്ഞു.

ആന്റണിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അനീഷ തനിക്ക് പറയാൻ ഉള്ളത് പറഞ്ഞിരിക്കുന്നത്. ഈ പോസ്റ്റിനു താഴെ താരങ്ങൾ ഉൾപ്പെടെ നിരവധി ആരാധകരാണ് ആന്റണിക്കും കുടുംബത്തിനും പിന്തുണയുമായി എത്തിയിരിക്കുന്നത്.