ഹൈദരാബാദ്; അനുപമ പരമേശ്വരൻ നായികയായി എത്തി വമ്പൻ വിജയം നേടിയ ചിത്രമാണ് തില്ല് സ്‌ക്വയർ. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷൻ നടന്നത്. ജൂനിയർ എൻടിആർ ആണ് പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പരിപാടിയിൽ നിന്നുള്ള അനുപമയുടെ ഒരു വിഡിയോ ആണ്.

ചടങ്ങിനിടെ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ എൻടിആർ ആരാധകർ ആവശ്യപ്പെടുകയായിരുന്നു. ജൂനിയർ എൻടിആറിന് മുൻപായി അനുപമയെ വേദിയിലേക്ക് ക്ഷണിച്ചതാണ് ആരാധകരെ പ്രകോപിതരാക്കിയത്. എൻടിആറിന്റെ വാക്കുകളാണ് തങ്ങൾക്ക് കേൾക്കേണ്ടത് എന്നായിരുന്നു ആരാധകരുടെ പ്രതികരണം. എൻടിആറിനെ വിളിക്കാതെ അനുപമയെ വേദിയിലേക്ക് വിളിച്ചതോടെ ശബ്ദം ഉയർത്തി ആരാധകർ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. സംസാരിക്കാൻ ഒരുമിനിറ്റു തരണമെന്ന് അനുപമ കാണികളോട് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.

താൻ പൊയ്‌ക്കോട്ടെ എന്ന് താരം ആരാധകരോട് ചോദിച്ചപ്പോൾ പോകാനാണ് അവർ പറഞ്ഞത്. തനിക്ക് രണ്ട് മിനിറ്റ് സംസാരിക്കാൻ തരുമോ എന്ന് താരം കാണികളോട് ചോദിച്ചു. എന്നാൽ ഇല്ലെന്ന് കാണികൾ മറുപടി നൽകി. ഇതോടെ ഒരു മിനിറ്റെങ്കിലും തരണം എന്നായി താരം. അതിനും അനുകൂല മറുപടിയല്ല ലഭിച്ചത്. ഇതോടെ ജൂനിയർ എൻടിആറിനും സംവിധായകൻ ത്രിവിക്രം എന്നിവർക്ക് നന്ദിപറഞ്ഞ് അനുപമ പിൻവാങ്ങുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ് എൻടിആർ ആരാധകരുടെ പെരുമാറ്റം. സിനിമയിലെ നടിയാണ് അനുപമയെന്നും സ്വന്തം സിനിമയുടെ വിജയത്തേക്കുറിച്ച് രണ്ട് വാക്ക് പറയാൻ പോലും അവർക്ക് കഴിഞ്ഞില്ലെന്നുമാണ് ആളുകൾ പറയുന്നത്. മോശം സാഹചര്യത്തിലും നല്ല രീതിയിൽ പെരുമാറിയ അനുപമയെ പ്രശംസിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. സിദ്ദു ജൊന്നലഗദ്ദയാണ് ചിത്രത്തിൽ നായകനായി എത്തിയത്.