കൊച്ചി: 'പ്രേമ'ത്തിന് ശേഷം കഴിഞ്ഞ പത്ത് വർഷമായി താൻ കാത്തിരുന്ന ശക്തമായ കഥാപാത്രമാണ് 'പർദ്ദ' എന്ന പുതിയ ചിത്രത്തിലേതെന്ന് നടി അനുപമ പരമേശ്വരൻ. ചിത്രത്തിൽ ഒപ്പം അഭിനയിക്കുന്ന ദർശന രാജേന്ദ്രന്റെ വിപുലമായ പെൺ സൗഹൃദ വലയം കാണുമ്പോൾ അസൂയ തോന്നാറുണ്ടെന്നും അനുപമ വെളിപ്പെടുത്തി. പ്രവീൺ കാണ്ട്രെഗുല സംവിധാനം ചെയ്യുന്ന തെലുങ്ക്-മലയാളം ദ്വിഭാഷാ ചിത്രമായ 'പർദ്ദ'യുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.

തനിക്ക് വളരെ കുറച്ച് പെൺസുഹൃത്തുക്കൾ മാത്രമേയുള്ളൂവെന്ന് അനുപമ പറഞ്ഞു. 'പതിനെട്ടാം വയസ്സിലാണ് ഞാൻ സിനിമയിലെത്തിയത്. ആദ്യ സിനിമയ്ക്ക് ശേഷം മറ്റൊരു ഇൻഡസ്ട്രിയിലേക്ക് പോയതോടെ ഉണ്ടായിരുന്ന പല സൗഹൃദങ്ങളും നഷ്ടപ്പെട്ടു. ഞാൻ നടിയായതുകൊണ്ടും അവർക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്തതുകൊണ്ടും പലരും അകന്നുപോയി,' അനുപമ വിശദീകരിച്ചു. തന്റെ അമ്മയും ഹെയർ സ്റ്റൈലിസ്റ്റുമാണ് ഏറ്റവും അടുത്ത സുഹൃത്തുക്കളെന്നും അവർ കൂട്ടിച്ചേർത്തു.

'പർദ്ദ'യിലെ സൗഹൃദം തനിക്ക് പുതിയൊരനുഭവമായിരുന്നുവെന്നും ചിത്രീകരണത്തിനിടെ താനും ദർശനയും സംഗീതയും തമ്മിൽ നല്ലൊരു ബന്ധം രൂപപ്പെട്ടുവെന്നും അനുപമ വ്യക്തമാക്കി. 'ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ മനസ്സിലാക്കാൻ കഴിയുന്നതുപോലെ മറ്റാർക്കും സാധിക്കില്ല. ദർശനയ്ക്ക് ധാരാളം പെൺസുഹൃത്തുക്കളുണ്ട്. അത്തരം സൗഹൃദങ്ങൾ എനിക്കും വേണമെന്ന് ആഗ്രഹിക്കാറുണ്ട്,' അനുപമയുടെ വാക്കുകൾ.

വ്യത്യസ്ത സാഹചര്യങ്ങളിലുള്ള മൂന്ന് സ്ത്രീകളുടെ സൗഹൃദത്തിന്റെ കഥയാണ് 'പർദ്ദ' പറയുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെയും യാഥാസ്ഥിതിക സാമൂഹിക രീതികളെയും ചിത്രം വിമർശിക്കുന്നു. 'സിനിമാ ബണ്ടി', 'ശുഭം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീൺ കാണ്ട്രെഗുലയാണ് സംവിധായകൻ. അനുപമയ്ക്കും ദർശനയ്ക്കും പുറമെ സംഗീതയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.