ബ്രാഹ്‌മണ സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിനുശേഷം വിമര്‍ശനങ്ങളിലകപ്പെട്ട സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ഒടുവില്‍ മാപ്പ് പറഞ്ഞ് രംഗത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹം വിശദമായ ക്ഷമാപനം പങ്കുവെച്ചത്. ഒരു പ്രസംഗത്തിനോ അഭിപ്രായത്തിനോ പേരില്‍ തന്റെ മകളെയോ കുടുംബത്തെയോ ഭീഷണിപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്റെ പോസ്റ്റിനെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. മറിച്ച്, ആ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയ ഒരു വരി വെറുപ്പ് വളര്‍ത്തിയതിനാണ് ഞാന്‍ ക്ഷമ ചോദിക്കുന്നത്. നിങ്ങളുടെ മകള്‍, കുടുംബം, സുഹൃത്തുക്കള്‍ എന്നിവര്‍ ബലാത്സംഗത്തിനും വധഭീഷണിക്കും വിധേയരാകുന്നിടത്തോളം വിലമതിക്കുന്നതല്ല ഒരു പ്രസംഗവും.

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയില്ല. ഞാന്‍ അത് തിരിച്ചെടുക്കുകയുമില്ല. പക്ഷേ, നിങ്ങള്‍ക്ക് ആരെയെങ്കിലും അധിക്ഷേപിക്കണമെങ്കില്‍ അത് എന്നെയാകാം. എന്റെ കുടുംബം ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. അതല്ല, നിങ്ങള്‍ക്ക് ഒരു ക്ഷമാപണം ആണ് വേണ്ടതെങ്കില്‍. ഇതാ, എന്റെ ക്ഷമാപണം. ബ്രാഹ്‌മണരേ, ദയവായി സ്ത്രീകളെ മാറ്റി നിര്‍ത്തൂ. ആ മാന്യതയെങ്കിലും വേദങ്ങള്‍ പഠിപ്പിക്കുന്നു. നിങ്ങള്‍ ഏതുതരം ബ്രാഹ്‌മണരാണെന്ന് സ്വയം തീരുമാനിക്കുക. എന്നെ സംബന്ധിച്ച്, ഇതാ എന്റെ ക്ഷമാപണം', അനുരാഗ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഭായ് ഫൂലെ എന്നിവരുടെ ജീവിത കഥപറയുന്ന ആനന്ദ് മഹാദേവന്‍ ചിത്രം 'ഫൂലെ'യ്‌ക്കെതിരേ നേരത്തെ ബ്രാഹ്‌മണ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ചിത്രം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. അഖില്‍ ഭാരതീയ ബ്രാഹ്‌മിണ്‍ സമാജ്, പരശുരാം ആര്‍ഥിക് വികാസ് മഹാമണ്ഡല്‍ എന്നീ സംഘടനകളാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്.