മുംബൈ: കഴിഞ്ഞ ഫെബ്രുവരി 15ന് മകൻ അക്കി ജനിച്ചപ്പോൾ വിരാട് കോലി-അനുഷ്‌ക ശർമ ദമ്പതികൾ നടത്തിയ അഭ്യർത്ഥന പാഴായില്ല. ആ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാൻ മാധ്യമപ്രവർത്തകർ, പ്രത്യേകിച്ച് പാപ്പരാസികൾ തയാറായി. കൃത്യം മൂന്നുമാസം കഴിഞ്ഞപ്പോൾ ഇതിന് നന്ദി അറിയിച്ച് പാപ്പരാസികൾക്ക് സമ്മാനം നൽകിയിരിക്കയാണ്, ഈ ദമ്പതികൾ.

ഒപ്പം ഒരു കുറിപ്പും -'ഞങ്ങളുടെ കുട്ടികളുടെ സ്വകാര്യതയെ മാനിച്ചതിനും എപ്പോഴും സഹകരിച്ചതിനും നന്ദി, സ്‌നേഹത്തോടെ അനുഷ്‌കയും വിരാടും'. മെസഞ്ചർ ബാഗ്, സ്മാർട്ട് വാച്ച്, പവർ ബാങ്ക്, വാട്ടർ ബോട്ടിൽ എന്നിവയടങ്ങുന്ന ഗിഫ്റ്റ് ഹാമ്പറാണ് സമ്മാനപ്പൊതി.

2021 ജനുവരി 11ന് മകൾ വാമിക ജനിച്ചപ്പോഴും താരദമ്പതികൾ ഇതേ അഭ്യർത്ഥന നടത്തിയിരുന്നു. മൂന്ന് വയസ്സായിട്ടും വാമികയുടെ മുഖം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതേക്കുറിച്ച് നേരത്തേ വിരാട് നടത്തിയ പ്രതികരണം -'മകളുടെ ചിത്രം കാണിക്കാൻ ഇപ്പോൾ നിർവാഹമില്ല.

എന്താണ് സമൂഹമാധ്യമങ്ങളെന്ന് അവൾക്ക് തിരിച്ചറിവ് ഉണ്ടാകുകയും സ്വന്തം നിലക്ക് കാര്യങ്ങൾ തീരുമാനിക്കാൻ സാധിക്കുകയും ചെയ്യുംവരെ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കേണ്ട എന്നാണ് ഞാനും ഭാര്യ അനുഷ്‌കയും തീരുമാനിച്ചിരിക്കുന്നത്' -ഇങ്ങനെയായിരുന്നു. കുട്ടികൾക്കൊപ്പമുള്ള വിരാടിന്റെയും അനുഷ്‌കയുടെയും ചിത്രങ്ങൾ പാപ്പരാസികൾ ഒഴിവാക്കാറുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിൽ സജീവമാണ് ക്രിക്കറ്റ് താരമായ വിരാടും നടി അനുഷ്‌കയും.