മുംബൈ: ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞുവെന്ന പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് വിവാദപരമായ പ്രതികരണവുമായി മുതിർന്ന ഗായകനും സംഗീത സംവിധായകനും നടനുമായ അനൂപ് ജലോട്ട. റഹ്മാൻ ഹിന്ദുമതത്തിലേക്ക് തിരികെ എത്തുകയാണെങ്കിൽ അവസരങ്ങൾ ലഭിക്കുമോ എന്ന് നോക്കാമെന്ന് ജലോട്ട അഭിപ്രായപ്പെട്ടു.

റഹ്മാൻ മുൻപ് ഹിന്ദുവായിരുന്നെന്നും പിന്നീട് ഇസ്ലാം മതത്തിലേക്ക് മാറിയെന്നും ജലോട്ട ചൂണ്ടിക്കാട്ടി. മതപരിവർത്തനത്തിന് ശേഷവും അദ്ദേഹം വലിയ വിജയങ്ങൾ നേടുകയും ജനഹൃദയങ്ങളിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മുസ്‍ലിം ആയതുകൊണ്ടാണ് അവസരം ലഭിക്കാത്തതെന്ന് റഹ്മാൻ വിശ്വസിക്കുന്നുണ്ടെങ്കിൽ, അദ്ദേഹം ഹിന്ദു മതത്തിലേക്ക് മടങ്ങിവന്ന് സിനിമകൾ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് തന്റെ നിർദേശമെന്ന് അനൂപ് ജലോട്ട ഒരു വീഡിയോയിലൂടെ പ്രതികരിച്ചു. "എന്‍റെ നിർദേശം ഇതാണ്- അദ്ദേഹം വീണ്ടും ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യുക. സിനിമകൾ വീണ്ടും കിട്ടുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുക," ജലോട്ട പറഞ്ഞു.

റഹ്മാന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും ജലോട്ട വാദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 വർഷത്തെ ജോലി റഹ്മാൻ ചെയ്തിട്ടുണ്ടെന്നും ഇതിൽ കൂടുതൽ എന്താണ് അദ്ദേഹത്തിന് വേണ്ടതെന്നും ജലോട്ട ഐഎഎൻഎസിനോട് പറഞ്ഞു. റഹ്മാൻ ഒരുപാട് മികച്ച പ്രോജക്റ്റുകൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ എട്ട് വർഷങ്ങളായി ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്നും അതിന് വർഗീയപരമായ കാരണങ്ങളും ഉണ്ടാവാമെന്നും എ.ആർ. റഹ്മാൻ ബിബിസി ഏഷ്യൻ നെറ്റ്‍വർക്കിന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായപ്പെട്ടത്. തന്റെ കരിയറിന്റെ തുടക്കത്തിൽ, 1990-കളിൽ ബോളിവുഡിൽ മുൻവിധികളെ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് റഹ്മാൻ ഈ പരാമർശം നടത്തിയത്.

റഹ്മാന്റെ പ്രസ്താവനയെത്തുടർന്ന് സിനിമാലോകത്തുനിന്ന് അദ്ദേഹത്തിനെതിരെ വിമർശനങ്ങളും പിന്തുണയും ഉയർന്നിരുന്നു. ഈ വിഷയത്തിൽ അനൂപ് ജലോട്ടയുടെ വിവാദപരമായ പ്രതികരണം ചർച്ചകൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.