കൊച്ചി: മലയാളത്തിന്റെ താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോൾ ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി പങ്കുവച്ച ഫഹദ് ഫാസിൽ-നസ്രിയ വിവാഹ ഫോട്ടോ ആണ് ശ്രദ്ധനേടുന്നത്.

ഫഹദിനും നസ്രിയയ്ക്കുമൊപ്പം ഫോട്ടോയ്ക്കു പോസു ചെയ്യുന്ന ബാബു ആന്റണിയും മകൻ ആർതറുമാണ് ചിത്രത്തിലുള്ളത്. 'പണ്ടൊരു വ്യാഴാഴ്ച എടുത്ത ചിത്രം. ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വിവാഹത്തിൽ പപ്പയും ഞാനും പങ്കെടുത്തപ്പോൾ എടുത്തതാണ്. അവിടെ വച്ചാണ് ഞാൻ ഫാസിൽ സാറിനെ ആദ്യമായി കാണുന്നത്. പൂവിനു പുതിയ പൂന്തെന്നൽ ചിത്രീകരിക്കുമ്പോൾ ഫഹദ് എന്റെ പ്രായത്തിലായിരുന്നുവെന്ന് പപ്പ പറഞ്ഞിട്ടുണ്ട്'- എന്ന കുറിപ്പിനൊപ്പമാണ് ആർതർ ഫോട്ടോ പോസ്റ്റ് ചെയ്തത്.

സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ആർതർ ആന്റണി. ബാബു ആന്റണി, മകൻ ആർതർ ബാബു ആന്റണി, ഗുസ്തി താരവും അമേരിക്കൻ ചലച്ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാൾസ് ടെയ്ലർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ദ ഗ്രേറ്റ് എസ്‌കേപ്പ്' എന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തത്. ഇടുക്കി ഗോൾഡിലും ഒരു ചെറിയ കഥാപാത്രത്തെ ആർതർ അവതരിപ്പിച്ചിരുന്നു.