തിരുവനന്തപുരം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. മലയാളം, തമിഴ് സിനിമകളിൽ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസിൽവച്ചാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരിക്കുകയാണ്.

അരുന്ധതിയുടെ സഹോദരി ആരതി നായർ സഹായം അഭ്യർത്ഥിച്ച് സുഹൃത്ത് ശരത് ലാൽ പോസ്റ്റ് ചെയ്ത ഇൻസ്റ്റ്ഗ്രാം സ്റ്റോറി പങ്കുവച്ചിട്ടുണ്ട്. എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ദിനംപ്രതിയുള്ള ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാവുകയാണ്.

തങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. പക്ഷേ അത് ആശുപത്രിയിലെ നിലവിലെ ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. അത് കുടുംബത്തിന് വളരെ സഹായകരമാകുമെന്ന് കുറിപ്പിൽ പറയുന്നു. അരുന്ധതിയുടെ വിവരം അന്വേഷിക്കുന്നവരോട് നന്ദിയുണ്ടെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ പറയാനുള്ള സാഹചര്യമില്ലെന്നും അത് മനസ്സിലാക്കണമെന്നും സുഹൃത്ത് രമ്യ ജോസഫ് പറയുന്നു. അരുന്ധതിയുടെ വാരിയെല്ലുകൾ തകർന്നിട്ടുണ്ട്.

തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. പ്ലീഹയ്ക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്. ഒരുപാട് ആളുകൾ വിളിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ അവസരത്തിൽ കൂടുതൽ പറയാനുള്ള സാഹചര്യത്തിലല്ല. ദയവായി മനസ്സിലാക്കണമെന്ന് സുഹൃത്ത് രമ്യ ജോസഫ് പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി.

ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങിനുശേഷം സഹോദരനൊപ്പം ബൈക്കിൽ മടങ്ങവേ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു. പരിക്കേറ്റ് ഇരുവരും ഒരു മണിക്കൂറോളം റോഡിൽ കിടന്നു. ഒടുവിൽ അതുവഴി പോയ വാഹനത്തിലുള്ളവർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി സിനിമാരംഗത്തെത്തുന്നത്. ഹിറ്റ് ചിത്രം 'സൈത്താനി'ലെ നായികയായിരുന്നു. 2018-ൽ പുറത്തിറങ്ങിയ 'ഒറ്റയ്ക്കൊരു കാമുകൻ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം.