കൊച്ചി: ബഡായ് ബംഗ്ലാവ് കണ്ടവർ ഒരിക്കലും ആര്യയെ മറക്കില്ല. അതിന് ശേഷം സിനിമകളിലും ധാരാളം അവസരം ലഭിച്ച ആര്യയ്ക്ക് ഇന്ന് ഒരുപാട് ആരാധകരുമുണ്ട്. ഇപ്പോഴിതാ ആര്യ പങ്കുവെച്ച ഒരു വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസ് ഷോയിൽ ആ സംഭവം കഴിഞ്ഞിട്ട് വർഷങ്ങളായി, പക്ഷെ ഇന്നും അതിന്റെ പേരിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളാണ് ഞാൻ. എന്നെ ഏറ്റവും മോശമായി അവതരിപ്പിച്ച ഷോ, അവിടെ എവിടെയാണ് എൻിക്ക് പ്രത്യേക പരിഗണന കിട്ടിയത്. അന്ന് ഞാൻ അനുഭവിച്ച പെയിൻ നിങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയില്ല എന്ന് ആര്യ പറയുന്നു.

ബിഗ് ബോസ് മലയാളം സീസൺ 6 വിജയകരമായി മുന്നോട്ട് പോകുകയാണ്. ഷോ തുടങ്ങി ദിവസങ്ങൾ കഴിയുമ്പോഴേക്കും ഷോയുടെ സെന്റർ ഓഫ് ദ അട്രാക്ഷൻ ആയി മാറിയ മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഒരുപറ്റം ആളുകൾ പരസ്യമായി ജാസമിനെ വിമർശിക്കുമ്പോഴും, മുഖ്യധാരയിലേക്ക് വരാത്ത വലിയൊരു ജനക്കൂട്ടത്തിന്റെ പിന്തുണ ജാസ്മിനുണ്ട് എന്ന് ഇലക്ഷൻ നോമിനേഷനിൽ വന്നപ്പോൾ ജാസ്മിന് കിട്ടിയ വോട്ടുകൾ തെളിയിച്ചതാണ്.

ജാസ്മിന് ബിഗ് ബോസ് ഹൗസിൽ പ്രത്യേക പരിഗണന ലഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ജാസ്മിന്റെ ഉപ്പ വിളിച്ച് സംസാരിച്ച വീഡിയോ ക്ലിപ്പ് പുറത്ത് വിടാതിരുന്നതും, സ്റ്റോറൂമിൽ വച്ച് ഒരു രഹസ്യ കത്ത് നൽകിയതും എല്ലാം വലിയ ചർച്ചയായിരുന്നു. അതിലേക്ക് മുൻ ബിഗ് ബോസ് മത്സരാർത്ഥി ആര്യയെ പലരും വലിച്ചിഴയ്ക്കുന്നുണ്ട്. ഇതുപോലെ ബിഗ് ബോസ് മലയാളം സീസൺ 2 യിൽ ആര്യയ്ക്ക് ബിഗ് ബോസിന്റെയും ചാനലിന്റെയും വലിയ പിന്തുണ കിട്ടിയിരുന്നു എന്നാണ് പറയപ്പെടുന്നത്. അത്തരം കമന്റുകൾ തന്നെ വളരെ അധികം വേദനിപ്പിച്ചു എന്ന് ആര്യ പറയുന്നു.

ദയവ് ചെയ്ത് എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ഇതെന്റെ അഭ്യർത്ഥനയാണ്. ഇത് കഴിഞ്ഞിട്ട് വർഷങ്ങളായി, ഇനിയെന്നെ വെറുതേ വിടൂ. ഏത് തരത്തിലുള്ള വേദനയാണ് എനിക്ക് ഈ ഷോ തന്നത് എന്നതിനെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ദയവ് ചെയ്ത് ഈ ഒരു സംഭവത്തിലേക്ക് ഇനിയെന്നെ വലിച്ചിഴയ്ക്കരുത് - എന്ന് പറഞ്ഞുകൊണ്ടാണ് ആര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വളരെ അധികം വിഷമത്തോടെയാണ് ഈ വീഡിയോ ചെയ്യുന്നത്. എന്നെ ഏറ്റവും കൂടുതൽ നെഗറ്റീവായി അവതരിപ്പിച്ചിട്ടുള്ള ഷോ ആണ് ബിഗ് ബോസ് മലയാളം സീസൺ 2. എനിക്കേറ്റവും കൂടുതൽ ഹേറ്റേഴ്‌സിനെ ഉണ്ടാക്കി തന്ന ഷോ. അതിനകത്ത് നിങ്ങൾ ഈ പറയുന്ന പ്രത്യേക പരിഗണന എനിക്ക് എപ്പോഴാണ് ലഭിച്ചത്. എനിക്ക് എന്തെങ്കിലും ലെറ്റർ വന്നോ, എന്നെ ആരെങ്കിലും വീട്ടിൽ നിന്ന് വിളിച്ച് വാൺ ചെയ്‌തോ. അന്ന് ആ ഷോയിൽ മത്സരിച്ച മറ്റ് 21 മത്സരാർത്ഥികൾക്കും കിട്ടാത്ത എന്ത് പ്രത്യേക പരിഗണനയാണ് എനിക്ക് ആ ഷോയോ, ചാനലോ, ആ പ്രൊഡക്ഷനോ തന്നിട്ടുള്ളത്. എന്ത് പ്രത്യേക പരിഗണനയെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത് എന്ന് അറിയാൻ എനിക്ക് താത്പര്യമുണ്ട്. ഇന്നും ഇതിന്റെ പേരിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളാണ് ഞാൻ. എന്ത് പരിഗണനയാണ് എനിക്ക് കിട്ടിയത് എന്ന് പറയൂ, പ്ലീസ് - ആര്യ വീഡിയോയിൽ പറഞ്ഞു.