തിരുവനന്തപുരം: പ്രമുഖ നടി അവതാരക, യൂട്യൂബർ എന്നീ നിലകളിൽ ശ്രദ്ധേയയായ ആര്യ ബാബു, കൊറിയോഗ്രാഫറും ഡി.ജെ.യുമായ സിബിൻ ബെഞ്ചമിനെ വിവാഹം കഴിച്ചു. തിരുവനന്തപുരത്തെ ഒരു ബീച്ച് റിസോർട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിവാഹവിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്ക് എത്തിയത്.

വിവാഹത്തിൻ്റെ മെഹന്ദി, സംഗീത്, വിവാഹച്ചടങ്ങുകൾ എന്നിവയെല്ലാം ഒരേ സ്ഥലത്തുവെച്ചാണ് നടന്നത്. തൻ്റെ വിവാഹത്തിന് ഒരു ബീച്ച് ഡെസ്റ്റിനേഷൻ വേണമെന്ന് താരം മുൻപുതന്നെ ആഗ്രഹിച്ചിരുന്നു. "ഞങ്ങളുടെ രണ്ടുപേരുടെയും ഹോം ടൗൺ തിരുവനന്തപുരമാണ്. ഈ മൊമന്റ് ഞങ്ങൾ ആഘോഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

ഇതൊരു രണ്ടാം വിവാഹമായതുകൊണ്ട് ഇത്രയൊക്കെ ആഘോഷിക്കണോ എന്ന് ചിലർ ചിന്തിച്ചേക്കാം. എന്നാൽ ഇത് ഞങ്ങളുടെയും മകളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ ആഗ്രഹമായിരുന്നു," ആര്യ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്ന ആര്യയും സിബിനും കഴിഞ്ഞ മെയ് മാസത്തിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബിഗ്‌ബോസ് സീസൺ 2ലെ മത്സരാർത്ഥിയായിരുന്ന ആര്യയും ബിഗ്‌ബോസ് സീസൺ 6ലെ മത്സരാർത്ഥിയായ സിബിനും പ്രേക്ഷകർക്ക് സുപരിചിതരാണ്.