നടിയും അവതാരകയുമായ ആര്യ ബാബുവും ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങ്. വിവാഹചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ''സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്'' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നടിമാരായ പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി സഹപ്രവര്‍ത്തകര്‍ ആശംസകളുമായി രംഗത്തെത്തി.

മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്. സിബിന്‍ താലി ചാര്‍ത്തുന്ന ദൃശ്യങ്ങളും സന്തോഷത്തോടെ നിന്നിരുന്ന ഖുഷിയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വര്‍ഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്തായിരുന്നു സിബിന്‍. രണ്ടുപേരുടെയും ഇത് രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ആര്യയ്ക്ക് മകള്‍ ഖുഷിയുമുണ്ട്. സിബിന്റെ ആദ്യ വിവാഹത്തില്‍ ഒരു മകനുമുണ്ട്.