കൊച്ചി: മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'കമലദളം' എന്ന ചിത്രത്തിൽ അന്തരിച്ച നടി മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നെന്ന് നടി ആശ ശരത്ത്. അഭിനയിച്ചാൽ വിവാഹം മുടങ്ങുമോ എന്ന ഭയത്താൽ അന്ന് ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. പ്രമുഖ സ്റ്റുഡിയോ ആയ ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ആശ ശരത്ത് ഈ വിവരം പങ്കുവെച്ചത്.

ജയറാം ആയിരുന്നു തന്നെ ഈ ചിത്രത്തിലേക്ക് വിളിച്ചിരുന്നതെന്നും ആശ ശരത്ത് വ്യക്തമാക്കി. "കമലദളത്തിൽ മോനിഷ ചെയ്ത വേഷത്തിലേക്ക് എനിക്ക് ഓഫർ വന്നിരുന്നു. ജയറാമേട്ടനാണ് എന്നെ വിളിക്കുന്നത്. ലാലേട്ടന്റെ ഒരു സിനിമയിൽ ഒരു വേഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിൽ അഭിനയിച്ചാൽ കല്യാണമൊക്കെ പ്രോബ്ലം ആകുമെന്ന തോന്നൽ ഉണ്ടായിരുന്ന കാലമായിരുന്നു അത്. അതിനാൽ വീട്ടുകാർക്ക് അതിനോട് താൽപര്യമില്ലായിരുന്നു," ആശ ശരത്ത് ഓർമ്മിച്ചു.

അതേസമയം, ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന 'ആശകൾ ആയിരം' എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ജയറാം-കാളിദാസ് കോംബോയിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 'ഒരു വടക്കൻ സെൽഫി'യിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്താണ്. ആശ ശരത്തിനോടൊപ്പം ഇഷാനി കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് 'ആശകൾ ആയിരം' നിർമ്മിച്ചിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫാണ് ക്രിയേറ്റീവ് ഡയറക്ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് സഹ നിർമ്മാതാക്കൾ.

ഷറഫുദ്ദീൻ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി., രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളികളായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. വിദേശ വിതരണം ഫാർസ് ഫിലിംസാണ് നിർവഹിക്കുന്നത്.