മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രത്തിലൂടെ സുപരിചിതയാണ് നടി അശ്വിനി നമ്പ്യാര്‍. തൊണ്ണൂറുകളില്‍ മലയാളം, തമിഴ് സിനിമകളില്‍ നിറഞ്ഞ് നിന്ന നടി വിവാഹശേഷം ഭര്‍ത്താവിനൊപ്പം വിദേശത്ത് സെറ്റില്‍ഡായിരുന്നു. ഒരിക്കല്‍ സഹപ്രവര്‍ത്തകനില്‍ നിന്നും ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകയാണ് നടി. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വിനി ഇക്കാര്യം തുറന്നു പറഞ്ഞത്.

'ഇക്കാര്യത്തെ കുറിച്ചു ഇത്രയും കാലം ഞാന്‍ എവിടെയും ഷെയര്‍ ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ഇക്കാര്യത്തെ കുറിച്ചു ഒരു ടെലിവിഷന്‍ ഷോയില്‍ സംസാരിച്ചത്. അതൊരു കാസ്റ്റിങ് കൗച്ച് എന്നല്ല ഒരു സാഹചര്യത്തില്‍ ഞാന്‍ അകപ്പെട്ട് പോയി എന്ന് പറയുന്നതായിരിക്കും ശരി. അയാളുടെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. മാപ്പ് നല്‍കി മറക്കാം'

അയാള്‍ വലിയൊരു സംവിധായകനാണ്. സിനിമയുടെ ഡിസ്‌കഷന് വേണ്ടി ഓഫീസിലേക്ക് വരാന്‍ ആ സംവിധായകന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാന്‍ എവിടെ പോയാലും അമ്മ എപ്പോഴും ഉണ്ടാകാറുണ്ട്. അവരാണ് എന്റെ ബലം. നൂറ് പുരുഷന്മാര്‍ക്ക് സമമാണ് അമ്മ എനിക്കൊപ്പം ഉണ്ടെങ്കില്‍. അയേണ്‍ ലേഡിയെന്ന് പറയുന്നതുപോലെ'

അന്ന് സുഖമില്ലാത്തതിനാല്‍ അമ്മയ്ക്ക് എന്റെ കൂടെ വരാന്‍ സാധിച്ചില്ല. കോസ്റ്റ്യൂം ഡിസ്‌കഷന് വേണ്ടിയോ മറ്റോ സംവിധായകന്‍ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചത്. എന്താണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. ആ സിനിമയില്‍ എന്റെ ഹെയര്‍ ഡ്രസ്സറായിരുന്ന സ്ത്രീക്കൊപ്പമാണ് ഞാന്‍ പോയത്. ഓഫീസും അപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന കെട്ടിടമായിരുന്നു അയാളുടേത്.

അപ്പാര്‍ട്ട്‌മെന്റിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹെയര്‍ ഡ്രസ്സറായിരുന്ന സ്ത്രീയെ വിളിച്ചു. എനിക്കെങ്ങനെ വരാന്‍ പറ്റും? നിങ്ങള്‍ പോകു എന്ന് അവര്‍ പറഞ്ഞു. ഞാന്‍ അന്ന് ടീനേജറാണ്. അങ്ങനെ ആ സംവിധായകന്റെ മുറിയുടെ അരികിലെത്തി. അവിടെ പക്ഷെ ആരും ഉണ്ടായിരുന്നില്ല. പിന്നെയാണ് ബെഡ് റൂം ഏരിയയിലേക്ക് വരാന്‍ പറഞ്ഞുള്ള ശബ്ദം കേട്ടു. ആ സംവിധായകനൊപ്പം നേരത്തെ ഒരു സിനിമ ഞാന്‍ ചെയ്തിട്ടുണ്ട്. മലയാളം സിനിമയായിരുന്നു.

ഒരു നിഷ്‌കളങ്കയായ ടീനേജറായാണ് ഞാന്‍ ഉള്ളിലേക്ക് പോയത്. എന്നാല്‍ അയാള്‍ എന്നോട് തെറ്റായ രീതിയിലാണ് പെരുമാറിയത്. തിരിച്ചിറങ്ങി വരുമ്പോള്‍ കുറച്ചുനേരം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ തെറ്റാണോ, അവര്‍ ചെയ്തതാനോ തെറ്റ്, ഞാന്‍ അതിന് ഇടം കൊടുത്തോ എന്നൊക്കെയുള്ള സംശയം പോലും തോന്നി.

വീട്ടില്‍ എത്തിയതിന് ശേഷം എന്നോട് എന്തു പറ്റി എന്ന് ചോദിച്ചു. അമ്മയോട് എങ്ങനെ ഇത് പറയുമെന്നും എനിക്ക് അറിയില്ലായിരുന്നു. അമ്മ ഇത്രയും കാലം ബോഡി ഗാര്‍ഡ് പോലെ നിന്നാണ് എന്നെ സംരക്ഷിച്ചത്. അങ്ങനൊരാളോട് എങ്ങനെ ഈ സംഭവം പറയുമെന്ന് തോന്നി. അവസാനം ഞാന്‍ അമ്മയോട് പറഞ്ഞു. അന്ന് അമ്മയ്ക്ക് അത് താങ്ങാന്‍ കഴിഞ്ഞില്ല'

ഞാന്‍ അമ്മയെ നിരാശപെടുത്തിയോ ഇതിന് ഞാന്‍ ആണ് കാരണം എന്നൊക്കെ ആലോചിച്ചു ഞാന്‍ അന്ന് രാത്രി ഉറക്കഗുളികകള്‍ കഴിച്ചു. ആ സമയത്ത് എനിക്ക് അത് മാത്രമേ അറിയുകയുള്ളൂ. ശേഷം അവര്‍ എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ഒക്കെ ചെയ്തു. അതിന് ശേഷം അമ്മ എന്നോട് ഇത് എന്റെ തെറ്റല്ല എന്ന് പറഞ്ഞു, അത് ആദ്യം മനസ്സിലാക്കു എന്ന് പറഞ്ഞു. ആ സംഭവം എന്നെ ഒരുപാട് സ്‌ട്രോങ്ങ് ആക്കി. അമ്മയുടെ തുണയില്ലാതെ ഷൂട്ടുകള്‍ക്ക് പോകാന്‍ തുടങ്ങി' എന്നാണ് അശ്വിനി പറഞ്ഞത്.