- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ ആ സിനിമയിൽ നിന്ന് മാറ്റാൻ രാജുവേട്ടൻ പറഞ്ഞിട്ടില്ല; ആസിഫ് അലി
കൊച്ചി: നാദിർഷായുടെ സൂപ്പർഹിറ്റ് ചിത്രമായ അമർ അക്‌ബർ അന്തോണി സിനിമയിലെ പ്രധാന വേഷത്തിൽ നിന്ന് ആസിഫ് അലിയെ മാറ്റിയത് പൃഥ്വിരാജാണെന്ന് പ്രചരണം തള്ളി ആസിഫലി. ആ സിനിമയിലെ ആ കഥാപാത്രം കുറച്ചുകൂടി പ്രായമുള്ള ആൾ ചെയ്യേണ്ടതാണെന്ന് മാത്രമാണ് പൃഥ്വിരാജ് പറഞ്ഞതെന്നും മനഃപൂർവം തന്നെ മാറ്റുകയായിരുന്നില്ലെന്നും താരം വ്യക്തമാക്കി. അവർക്കൊപ്പം താൻ നിന്നിരുന്നെങ്കിൽ അനിയനെപോലെ തോന്നുമായിരുന്നെന്നും ആസിഫ് അലി പറഞ്ഞു.
'അമർ അക്‌ബർ അന്തോണി എന്ന സിനിമയിൽ നിന്നും രാജുവേട്ടൻ എന്നെ മാറ്റി എന്നുള്ള തെറ്റിദ്ധാരണ സോഷ്യൽ മീഡിയയിൽ ഒരുപാടു പേർ പറയുന്നത് ശ്രദ്ധയിൽ പെട്ടു. അതൊക്കെ തെറ്റാണ്. ഒരിക്കലും രാജുവേട്ടൻ അങ്ങനെ പറഞ്ഞിട്ടില്ല. രാജുവേട്ടൻ പറഞ്ഞതിന്റെ അർഥം അതല്ല. അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിൽ ആ മൂന്ന് പേർ തന്നെയാണ് കറക്റ്റ് ആവുക. അവരുടെ ഇടയിൽ ഞാൻ പോയി നിന്നാൽ ഒരു അനിയനെ പോലെ തോന്നിയേക്കാം. അതുകൊണ്ടാണ് രാജുവേട്ടൻ അങ്ങനെ പറഞ്ഞത്. അല്ലാതെ എന്നെ ആ സിനിമയിൽ നിന്നും മാറ്റണം എന്നല്ല രാജുവേട്ടൻ പറഞ്ഞത്. ഒരാൾ പറയുന്നത് ആളുകൾ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലുള്ള വ്യത്യാസമാണ് പ്രശ്‌നം.- ആസിഫ് അലി പറഞ്ഞു.
താനായിരുന്നെങ്കിൽ ചിത്രത്തിന് ഇത്രഅധികം സ്വീകാര്യത കിട്ടില്ലായിരുന്നു എന്നാണ് താരം പറയുന്നത്. ആ മൂന്നു പേരെ കണ്ടുകൊണ്ട് തന്നെയാണ്, ആ സിനിമ ആദ്യദിനം ആദ്യ ഷോ കാണാൻ എല്ലാവരും തയാറായത്. അല്ലെങ്കിൽ ഞാൻ ഉള്ള സീനുകൾ ആളുകളെ കൂടുതൽ പറഞ്ഞു മനസ്സിലാക്കേണ്ടി വരും. എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ ഒരു ടീമാണ് അത്. സ്‌ക്രീൻ ഏജ് വച്ചു നോക്കിയാൽ ഞാൻ അവരെക്കാൾ വളരെ ചെറുതായി തോന്നിയേക്കാം.- ആസിഫ് വ്യക്തമാക്കി.
പൃഥ്വിരാജുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഞങ്ങൾക്കിടയിൽ ഒരു വലിയ പ്രശ്‌നമുണ്ട് എന്ന് പറഞ്ഞുണ്ടാക്കുന്നത് വലിയ വിഷമമാണെന്നും താരം കൂട്ടിച്ചേർത്തു. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായ അന്ന് തൊട്ട് എല്ലാദിവസവും എന്നെ വിളിച്ച് ക്ഷേമം അന്വേഷിച്ചുകൊണ്ടിരിക്കുന്നവരാണ് രാജുവേട്ടനും സുപ്രിയചേച്ചിയും. രാജുവേട്ടൻ വിളിച്ചിട്ട് കിട്ടാതെ ഒടുവിൽ സുപ്രിയ ചേച്ചി സമയുടെ ഫോണിൽ വിളിച്ചു. രാജുവേട്ടനെ ചികിത്സിച്ച അതേ ഹോസ്പിറ്റലിൽ അതേ ഡോക്ടറുടെ അടുത്ത് തന്നെ പോകണം എന്ന് പറഞ്ഞ് അതിന്റെ എല്ലാ കാര്യങ്ങളും ഫോളോ അപ്പ് ചെയ്തു.
സർജറി കഴിഞ്ഞപ്പോൾ ഇനി ഇതുകൊണ്ട് എല്ലാം തീർന്നു എന്ന് കരുതരുത്, മൂന്നുമാസം വീട്ടിൽ കിടന്ന് ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് എന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നവരാണ് അവർ. സോഷ്യൽ മീഡിയയിൽ വരുന്ന ഒന്നിനോടും ഞാൻ പ്രതികരിക്കാത്തതാണ്. പക്ഷേ ഇതിൽ ഒരു ക്ലാരിറ്റി കൊടുക്കണമെന്നുണ്ടായിരുന്നെന്നും ആസിഫ് അലി പറഞ്ഞു.
പൃഥ്വിരാജ്, ജയസൂര്യ ,ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് അമർ അക്‌ബർ അന്തോണി. ചിത്രത്തിൽ ആസിഫ് അലി ഗസ്റ്റ് റോളിലാണ് എത്തിയത്. സിനിമയിൽ ഒരു പ്രധാന വേഷത്തിൽ ആസിഫിനെ കാസ്റ്റ് ചെയ്യാനിരുന്നതായിരുന്നുവെന്നും പൃഥ്വിരാജിന്റെ പ്രേരണയാൽ ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും സംവിധായകനായ നാദിർഷ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് വലിയ ചർച്ചകൾക്ക് കാരണമായത്.