കൊച്ചി: മലയാള സിനിമയ്ക്ക് മികച്ച ക്രൈം ത്രില്ലർ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജിത്തു ജോസഫ്. ഒടുവിൽ റിലീസായ നസ്രിയ, ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രങ്ങളായ സൂക്ഷ്മദർശിനിയും തീയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ജിത്തു ജോസഫ്. ആസിഫ് അലിയും അപർണ ബാലമുരളിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകൻ.

ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രം അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആസിഫ് അലിയും അപർണ ബാലമുരളിയും ഒരുമിക്കുന്ന ആറാമത്തെ ചിത്രമാണിത്. തൃശ്ശിവപേരൂർ ക്ലിപ്തം, സൺഡേ ഹോളിഡേ, ബി ടെക്, 2018, കിഷ്കിന്ധ കാണ്ഡം എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് ചിത്രങ്ങൾ. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ജീത്തു ജോസഫ് ചിത്രമായ കൂമനിൽ ആസിഫ് അലിയായിരുന്നു നായകൻ. മിസ്റ്റർ & മിസ് റൗഡി എന്ന ചിത്രത്തിലൂടെ അപർണയും ജീത്തു ജോസഫ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

1001 നുണകൾ ഫെയിം തമർ കെ വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി ഇപ്പോൾ അഭിനയിക്കുന്നത്. ദിവ്യ പ്രഭയാണ് ആസിഫിന്റെ നായികയായെത്തുന്നത്. ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രം ഒരുക്കിയ ജോഫിൻ ടി ചാക്കോയുടെ രേഖാചിത്രമാണ് ആസിഫിന്റെ അടുത്ത റിലീസ്. അനശ്വര രാജനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന 'രേഖാചിത്രം' ജനുവരി 9 ന് റിലീസ് ചെയ്യും. രാജ് ബി ഷെട്ടിയ്‌ക്കൊപ്പം 'രുധിരം' എന്ന ചിത്രത്തിലാണ് അപർണ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഡിസംബർ 13 ന് തിയേറ്ററുകളിൽ എത്തിയ സൈക്കോളജിക്കൽ ത്രില്ലർ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.