മുംബൈ: ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി താരത്തിന്റെ ആദ്യ നായിക ശാന്തി പ്രിയ. സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നതായി അക്ഷയ് കുമാറിനെ അറിയിച്ചപ്പോൾ തന്നെ സഹായിക്കാമെന്ന് ഉറപ്പു നൽകി പറ്റിച്ചു എന്നാണ് നടിയുടെ ആരോപണം. താരത്തെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്‌തെങ്കിലും മറുപടിയുണ്ടായില്ല എന്നാണ് ആരോപിക്കുന്നത്.

അക്ഷയ് കുമാർ നായകനായി എത്തിയ 1991ലെ ചിത്രം സൗഗന്ധിലെ നായികയായിരുന്നു ശാന്തി പ്രിയ. കൂടാതെ 30ൽ അധികം സിനിമകളിലും അഭിനയിച്ചു. വിവാഹത്തിന് ശേഷം അഭിനയത്തോട് വിടപറയുകയായിരുന്നു. ഹോളിഡേ സിനിമയുടെ സെറ്റിൽ വച്ച് കണ്ടപ്പോഴാണ് അക്ഷയ് കുമാറിനോട് തിരിച്ചു വരാൻ ആഗ്രഹമുണ്ടെന്ന വിവരം അറിയിക്കുന്നത്. തന്നെ കണ്ടപ്പോൾ വളരെ നല്ല രീതിയിലാണ് അക്ഷയ് പെരുമാറിയതെന്നും ശാന്തി പ്രിയ ഓർമിക്കുന്നു.

തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും നല്ല അവസരം കിട്ടുകയാണെങ്കിൽ അറിയിക്കണമെന്നും താൻ അക്ഷയ്‌നോട് പറഞ്ഞു. നായികയാവാൻ പറ്റില്ല എന്ന് അറിയാമല്ലോ എന്നായിരുന്നു അക്ഷയ് പറഞ്ഞത്. നിങ്ങൾക്ക് നായകനാവാമെങ്കിൽ എന്തുകൊണ്ട് എനിക്ക് നായികയായിക്കൂടാ എന്ന് ഞാൻ ചോദിച്ചു. എന്നാൽ പിന്നീട് അക്ഷയ്യുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തനിക്ക് സാധിച്ചില്ല എന്നാണ് നടി പറയുന്നത്.

ഒരിക്കൽ എന്റെ ചിത്രം ചോദിച്ചുകൊണ്ട് സെക്രട്ടറിയുടെ കോൾ വന്നു. ഞാൻ ഫോട്ടോ അയച്ചുകൊടുത്തു. ഞാൻ വിളിക്കുമ്പോഴെല്ലാം അറിയിക്കാം എന്നായിരുന്നു മറുപടി. ഞാൻ പലവട്ടം വിളിച്ചു, ഫോൺ എടുത്തില്ല, അയക്കുന്ന മെസേജുകൾ കാണുന്നുണ്ടെങ്കിലും മറുപടി ഉണ്ടായില്ല. എനിക്ക് വല്ലാത്ത വിഷമം തോന്നി. അക്ഷയ്യെ സ്‌നേഹിക്കുന്ന എന്റെ അമ്മയോട് ഇനി ഞാൻ വിളിക്കണോ എന്നു ചോദിച്ചു. നിർത്താനാണ് അമ്മ പറഞ്ഞത്. ശാന്തി പ്രിയ കൂട്ടിച്ചേർത്തു.