ലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്, 20 വർഷം മുമ്പ് വിറ്റ തന്റെ പഴയ വീട് സന്ദർശിച്ചതിനെക്കുറിച്ചുള്ള വൈകാരികമായ ഇൻസ്റ്റാഗ്രാം കുറിപ്പ് പങ്കുവെച്ചു. "വിറ്റുപോയിട്ടും വിട്ടുപോകാത്ത ചിലത്" എന്ന തലക്കെട്ടോടെയാണ് അശ്വതി തന്റെ അനുഭവം ആരാധകരുമായി പങ്കുവെച്ചത്.

വർഷങ്ങൾക്കിപ്പുറം തനിക്കേറെ പ്രിയപ്പെട്ട പഴയ വീട്ടിൽ വീണ്ടും പ്രവേശിച്ചപ്പോൾ അപരിചിതത്വം തോന്നിയെന്നും, ഓർമ്മകൾക്ക് മുന്നിൽ കണ്ണുനിറഞ്ഞുപോയെന്നും അശ്വതി കുറിച്ചു. ലില്ലിപുട്ടിലെത്തിയ ഗള്ളിവറെപ്പോലെ താൻ വളർന്നു നിൽക്കുമ്പോൾ, ഒരിക്കൽ തന്റേതായിരുന്ന വലിയ ലോകം ഒരു കുഞ്ഞു ലില്ലിപുട്ടായി മാറിയെന്ന് അവർ വിവരിച്ചു.

വെളുത്ത ലില്ലിച്ചെടികളും കനകാംബരവും പൂത്തുനിന്ന മുറ്റത്തിന്റെ ഇറമ്പുകൾ, താൻ മുച്ചക്ര സൈക്കിൾ ചവിട്ടിയെത്തിയ അതിരുകൾ, ആകാശം കൊമ്പിലുയർത്തി നിന്ന കശുമാവുകൾ തുടങ്ങിയ ബാല്യകാല സ്മരണകളെല്ലാം ഒറ്റ രാത്രികൊണ്ട് ചുരുങ്ങിപ്പോയത് പോലെ അനുഭവപ്പെട്ടുവെന്നും അശ്വതി പോസ്റ്റിൽ രേഖപ്പെടുത്തി.

അശ്വതിയുടെ ഈ ഹൃദയസ്പർശിയായ കുറിപ്പിന് താഴെ നിരവധി പേരാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. നടി സ്നേഹ ശ്രീകുമാറും തന്റെ പഴയ വീടുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കുവെച്ചു. ചെറുപ്പത്തിൽ വീട് വിറ്റതിലുള്ള സങ്കടവും, അത് ഉൾക്കൊള്ളാനാവാതെ വീടിന് മുന്നിൽ പോയി നിന്ന ബാല്യകാലവും സ്നേഹ അനുസ്മരിച്ചു. അച്ഛന്റെ നേതൃത്വത്തിൽ വെച്ച തെങ്ങും കവുങ്ങും മാവും, നീന്തൽ പഠിച്ച കുളവും, നന്ദു പശുവിന്റെ തൊഴുത്തും എല്ലാം അന്യമായി നോക്കിനിന്ന ഒരു കുട്ടിക്കാലം തനിക്കുണ്ടായിരുന്നെന്നും സ്നേഹ കുറിച്ചു.