കൊച്ചി: ടെലിവിഷൻ കോമഡി പരിപാടികളിലൂടെ ഹാസ്യതാരമായി മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് അസീസ് നെടുമങ്ങാട്. ജയ ജയ ജയഹേ സിനിമയിലെ അണ്ണനായെത്തി പൊട്ടിച്ചിരിപ്പിച്ച വ്യക്തി. ഇപ്പോഴിതാ കണ്ണൂർ സ്‌ക്വാഡ് എന്ന ഏറ്റവും പുതിയ സിനിമയിൽ മമ്മൂട്ടിയൊടൊപ്പം ഒരു മുഴുനീള കഥാപാത്രത്തെയാണ് അസീസ് അവതരിപ്പിക്കുന്നത്. ഒരു ക്രൈം ഇൻവസ്റ്റിഗേഷൻ പൊലീസ് സ്റ്റോറിയായി ഒരുങ്ങുന്ന കണ്ണൂർ സ്‌ക്വാഡിൽ സെപ്റ്റംബർ 28ന് തിയേറ്ററുകളിലെത്തും.

സിനിമയുടെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ അസീസിന്റെ ചിത്രത്തിലെ പ്രകടനത്തെ കുറിച്ച് മമ്മൂട്ടി വലിയ പ്രശംസ നൽകുകയുണ്ടായി. ഒരു ആക്ടർ ആയി അസീസ് എസ്റ്റാബ്ലിഷ് ചെയ്യാൻ പോകുന്ന സിനിമയാണ് കണ്ണൂർ സ്‌ക്വാഡെന്നായിരുന്നു മമ്മൂട്ടിയുടെ പ്രശംസ. പുറമെ കാണുന്ന ആളല്ല, അസീസിന്റെ കയ്യിൽ ചില കാര്യങ്ങളൊക്കെയുണ്ടെന്ന് നിങ്ങൾക്ക് മനസിലാകും.

പെർഫെക്ട് നടനായിട്ടാണ് അസീസ് ജോസ് എന്ന പൊലീസ് കഥാപാത്രത്തെ കണ്ണൂർ സ്‌ക്വാഡിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരണ അപ്പുറത്തുമില്ല ഇപ്പുറത്തുമില്ല എന്ന രീതിയിലാണ് അസീസ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു.

'നീ ഒരുപാട് കോമഡിയെല്ലാം ചെയ്തിട്ടുള്ള ഒരാളാണ്. പക്ഷേ ഈ കഥാപാത്രം ചെയ്യുമ്പോൾ നീ നിന്റെ പല്ല് പോലും പുറത്ത് കാണിക്കരുത്. നീ ചിരിക്കരുത്. നീ ഒരു പൊലീസുകാരനാണ്' എന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞത്. ഇങ്ങനെ ഒന്നും പറഞ്ഞതായി മമ്മൂക്കയ്ക്ക് ഓർമ്മയുണ്ടാവില്ലെന്നും എന്നാൽ ആ വാക്കുകൾ മനസിൽ വച്ചാണ് താൻ ഈ സിനിമ മുഴുവൻ അഭിനയിച്ചതെന്നുമായിരുന്നു അസീസ് പറഞ്ഞത്.