ഹൈദരാബാദ്: ഇന്ത്യൻ സിനിമയുടെ മുഖം മാറ്റിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഇപ്പോൾ ഇതാ വീണ്ടും ബാഹുബലി എത്തുകയാണ്. ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് എന്ന് പേരിട്ട പുതിയ അനിമേറ്റഡ് സീരീസാണ് രാജമൗലി പ്രഖ്യാപിച്ചത്.

മഹിഷ്മതിയിലെ ജനങ്ങൾ അവന്റെ പേര് വിളിച്ചാൽ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാവില്ല.- എന്ന അടിക്കുറിപ്പിലാണ് രാജമൗലി സീരീസിന്റെ പേര് പുറത്തുവിട്ടത്. ട്രെയിലർ വൈകാതെ പുറത്തുവരുമെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളും മറ്റും പുറത്തുവരാനുണ്ട്.

ബാഹുബലിയെക്കുറിച്ച് വരുന്ന ആദ്യത്തെ ആനിമേറ്റഡ് സീരീസല്ല ഇത്. ബാഹുബലി: ദി ലോസ്റ്റ് ജയന്റ്സ് എന്ന പേരിൽ 2017ൽ ഒരു സീരീസ് എത്തിയിരുന്നു. രാജമൗലിയുടെ രാജമൗലി പല റെക്കോർഡുകളുമാണ് തകർത്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 1810 കോടിയാണ് ആഗോളതലത്തിൽ നിന്ന് നേടിയത്.