കൊച്ചി: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം നടൻ ബാലയുടെ ആരോഗ്യ നിലയിൽ അപ്‌ഡേറ്റുമായി ഭാര്യ എലിസബത്ത്. ബാലയുടെ ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ പറഞ്ഞു. വിഷമിക്കേണ്ട ഘട്ടം കഴിഞ്ഞു. ഇനി കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ് അതുകൊണ്ട് കുറച്ചു ദിവസം താൻ അവധിയിലായിരിക്കുമെന്നും എലിസബത്ത് യുട്യൂബിലൂടെ പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞു. ബാലയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും എലിസബത്ത് നന്ദി അറിയിച്ചു.

എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ:

'എല്ലാവർക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ടു മാസമായി ടെൻഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരുന്നു. കുറേ പേർ മെസേജ് അയച്ചും ഫോൺ വിളിച്ചുമൊക്ക കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പ്രാർത്ഥനകൾ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്തു വരികയാണ്. ഞാൻ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും.

വീട്ടിൽ തന്നെ ആയിരിക്കും. രണ്ട് മാസമായി വിഡിയോകളൊന്നും തന്നെ ഞങ്ങൾ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്‌ഡേറ്റ്‌സ് മാത്രമാണ് ഫേസ്‌ബുക്കിലും യുട്യൂബിലും ആയി കൊടുത്തു കൊണ്ടിരുന്നത്. കുറച്ച് ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി വന്നിരുന്നു.

ആശുപത്രിയിൽ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണ്. മുൻപുള്ള പോലെ തന്നെ വിഡിയോകൾ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുന്നതായിരിക്കും.' ഗുരുതരമായ കരൾരോഗത്തെ തുടർന്ന് ഒരു മാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.