നടന്‍ ബാലയും അദ്ദേഹത്തിന്റെ മുന്‍ പങ്കാളി എലിസബത്തും തമ്മിലുള്ള ഭിന്നതകള്‍ വലിയ ചര്‍ച്ചയായി മാറുന്ന സമയമാണിത്. ഇരുവരും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സജീവമാണ്. നിയമപരമായി ഇരുവരും തമ്മില്‍ വിവാഹം ചെയ്തിട്ടില്ല. എങ്കിലും ഏറെക്കാലം ഇവര്‍ ഒരുമിച്ച് കഴിഞ്ഞിരുന്നു. അതിനിടയില്‍ ഉണ്ടായ സംഭവ വികാസങ്ങളും ബന്ധം വേര്‍പിരിഞ്ഞ സാഹചര്യവും ഒക്കെ ചര്‍ച്ചയാവുന്നുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസം ബാല എലിസബത്തിന്റെ ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. എലിസബത്ത് അഞ്ച് വര്‍ഷം മുന്‍പ് മരിച്ച് പോയ തന്റെ പിതാവിനെ കുറിച്ച് പറയുന്നുവെന്നും അവരോട് ലജ്ജ തോന്നുന്നുവെന്നും ബാല പറഞ്ഞിരുന്നു. ആശുപത്രിയില്‍ നിന്നും എന്റെ ജീവന്‍ രക്ഷിച്ചവരെല്ലാം ഇപ്പോഴും എന്റെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടെന്നും ബാല ചൂണ്ടിക്കാണിച്ചു.

എലിസബത്ത് പണത്തിനും സ്വത്തിനും വേണ്ടിയാണ് തനിക്കൊപ്പം നിന്നതെന്നാണ് ബാല ആരോപിക്കുന്നത്. എന്നാല്‍ ഇതിന് മറുപടിയുമായി എലിസബത്ത് തന്നെ രംഗത്ത് വരികയും ചെയ്തു. ബാലയുടെ ആരോപണങ്ങളുടെ മുനയൊടിച്ചു കൊണ്ടായിരുന്നു എലിസബത്തിന്റെ പ്രതികരണം. ഇപ്പോഴിതാ വിഷയത്തില്‍ എലിസബത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബാലയുടെ ഭാര്യ കോകില.

എലിസബത്തുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ബാല മുറപ്പെണ്ണായ കോകിലയെ വിവാഹം ചെയ്തത്. അഞ്ച് മാസം മുന്‍പ് വളരെ ലളിതമായ ചടങ്ങിലൂടെ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. അതിന് ശേഷം കൊച്ചിയില്‍ നിന്ന് വൈക്കത്തേക്ക് ഇവര്‍ മാറി താമസിച്ചിരുന്നു. മാത്രമല്ല ഈ വിവാദങ്ങളില്‍ ഒന്നും പതറാതെ ബാലയ്ക്കൊപ്പം നില്‍ക്കുകയാണ് കോകില. അതിനിടയിലാണ് എലിസബത്തിനെതിരെ കോകില രംഗത്ത് വന്നിരിക്കുന്നത്.

കോകിലയുടെ വാക്കുകള്‍

ചില വിഷയങ്ങള്‍ കാണുമ്പോള്‍ ഭയങ്കര വിഷമം തോനുന്നു. ഞാനും ഒരു പെണ്ണാണ്, എനിക്കും വേദനയുണ്ട്. നിങ്ങള്‍ എനിക്കൊപ്പം നില്‍ക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഇത് എലിസബത്ത് ചേച്ചിയോട് ആണ് എനിക്ക് പറയാനുള്ളത്. അല്‍പ്പം മുന്‍പാണ് അവരുടെ വീഡിയോ ഞാന്‍ കണ്ടത്. എന്നെ വെല്ലുവിളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. മാമ ഒരിക്കലും എല്ലാം തുറന്ന് പറഞ്ഞിട്ടില്ല. അതൊക്കെ പറഞ്ഞാല്‍ നാണക്കേട് ഞങ്ങള്‍ക്കാണ്.

ഞാനിപ്പോള്‍ എന്റെ മാമയോടൊപ്പം വളരെ സന്തോഷത്തിലാണ് കഴിയുന്നത്. അതുപോലെ നിങ്ങളും രജിസ്റ്റര്‍ വിവാഹം ചെയ്ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങള്‍ പറ്റിക്കുന്നു എല്ലാവരെയും എന്നല്ലേ പറയുന്നത്. പക്ഷേ നിങ്ങള്‍ അല്ലേ അവരെ ഒക്കെ പറ്റിക്കുന്നത്. നിങ്ങളുടെ ഭര്‍ത്താവ് ഒരു ഡോക്ടര്‍ അല്ലേ, അയാളെ പറ്റി ആദ്യം പറയൂ. അത് നിങ്ങള്‍ ആദ്യം പുറംലോകത്തോട് പറയൂ.

നിങ്ങള്‍ സ്വന്തം ഭര്‍ത്താവിനൊപ്പം സന്തോഷമായി ഇരിക്കൂ. നിങ്ങള്‍ പോയതല്ലേ, ഇപ്പൊ ഒന്നര വര്‍ഷം കഴിഞ്ഞ് വന്ന് സംസാരിക്കുന്നത് എന്തിനാണ്? മുന്‍പ് തന്നെ ഇതൊക്കെ പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്, എന്നാല്‍ മാമയാണ് തടഞ്ഞത്. വേണ്ട, പോട്ടെ പാവമാണ് നന്നായിരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.

എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നു എന്നത് എനിക്കറിയില്ല. നിങ്ങള്‍ കഴിഞ്ഞ 15 വര്‍ഷമായി മരുന്ന് കുടിക്കുന്ന ആളല്ലേ, എല്ലാവരും അറിയട്ടെ. എല്ലാവരും നിങ്ങള്‍ ഒരു ഡോക്ടര്‍ അല്ലേ നന്നായി ഇരിക്കുന്നു എന്നാണ് വിചാരിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഭയങ്കര കഷ്ടമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ, ഞങ്ങളും ചെയ്യാം. എല്ലാത്തിനും ഞങ്ങളുടെ കൈയില്‍ തെളിവുകളുണ്ട്. ഇപ്പോഴും ഒന്നും വേണ്ട വിട്ടേക്കൂ എന്നാണ് മാമ പറയുന്നത്.