ആറാട്ടുപുഴ: ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങൾ വിഷമിപ്പിച്ചെന്ന് തുറന്നു പറഞ്ഞ് നജീബ്. ബെന്യാമിനും ബ്ലെസിയും എന്തോ ക്രൂരത കാട്ടിയെന്ന തരത്തിലാണ് പലരുടെയും പ്രതികരണം. ഞാൻ അങ്ങനെയൊരു പരാതി എവിടെയും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ നന്മ ആഗ്രഹിച്ചാണ് അധികപേരും സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നതെന്നും അവരോടെല്ലാം നന്ദിയുണ്ടെന്നും നജീബ് പറഞ്ഞു. തന്റെ പേരിൽ ആരും ബെന്യാമിനെയോ ബ്ലെസിയെയോ മോശക്കാരാക്കരുതെന്ന് അഭ്യർത്ഥിച്ച നജീബ്, ഞാനൊരു കഥക്ക് കാരണക്കാരൻ മാത്രമാണ്- അദ്ദേഹം വ്യക്തമാക്കി.

ബെന്യാമിനുമായി വലിയ ഹൃദയബന്ധമാണുള്ളത്. 2008ലാണ് നോവൽ പുറത്തിറങ്ങുന്നത്. അന്നുമുതൽ ഇന്നുവരെ എനിക്ക് അർഹിക്കുന്നതിനപ്പുറം പരിഗണന ലഭിച്ചിട്ടുണ്ട്. പ്രവാസ ലോകത്ത് എന്നെ കൂട്ടിക്കൊണ്ടായിരുന്നു അദ്ദേഹം വേദികളിൽ പോയിരുന്നത്. പ്രധാനമായും എന്റെ ജീവിതാനുഭവം തന്നെയാണ് 'ആടുജീവിതം' എന്നതുകൊണ്ടാണ് ആ പരിഗണന ലഭിച്ചത്. എന്റെ അനുഭവങ്ങളാണ് സിനിമയിൽ അധികവുമുള്ളത്. ബഹ്റൈനിൽ ആക്രിപ്പണി ചെയ്തിരുന്ന ഞാൻ പ്രവാസ ലോകത്ത് പ്രശസ്തനായതും ലോക കേരള സഭയിൽ പ്രവാസികളുടെ പ്രതിനിധിയായതും ബെന്യാമിൻ കാരണമാണ്.

സിനിമയായപ്പോഴും പഴയ സ്നേഹത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. എന്റെ വീട്ടിൽ പലപ്പോഴും വന്നിട്ടുണ്ട്. ബെന്യാമിനിൽ നിന്നും ഒരു മോശം അനുഭവവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇനിയും സഹായിക്കുമെന്ന് ഉറപ്പുണ്ട്. നടൻ പൃഥ്വിരാജ് വീട്ടിൽ വരുമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ഒരാഴ്ച മുമ്പ് വീട്ടിൽ വന്ന് അറിയിച്ചിരുന്നു. ബ്ലെസിയുമായി പലതവണ കൂടിക്കാഴ്‌ച്ച നടത്തിയിട്ടുണ്ട്. നല്ല മനുഷ്യനാണ് അദ്ദേഹം. എനിക്ക് കേരളത്തിൽ നിരവധി സ്ഥലത്ത് ജോലി വാഗ്ദാനം ചെയ്തെങ്കിലും ഞാൻ നിരസിക്കുകയായിരുന്നു. ബഹ്റൈനിൽ ഞാൻ 20 വർഷം ജോലി ചെയ്തതും മകന് ലുലുവിൽ ജോലി ലഭിച്ചതും ഞാൻ ഇന്ത്യയുടെ അകത്തും പുറത്തും അറിയപ്പെടുന്ന ആളായി തീർന്നതും എല്ലാം ഈ കഥയും ബെന്യാമിനും കാരണമാണ്. എനിക്കവർ ഒന്നും തന്നില്ലെങ്കിൽ പോലും ഞാനവരെ വെറുക്കില്ലെന്നും' നജീബ് പറഞ്ഞു.

നോവലിലെ നജീബ് ആടുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബെന്യാമിൻ ഉൾപ്പെടുത്തിയിരുന്നു. ഈ രംഗം ഷൂട്ട് ചെയ്തിരുന്നെന്നും സെൻസർ ബോർഡ് കട്ട് ചെയ്യുകയായിരുന്നെന്നും ബെന്യാമിൻ പറഞ്ഞപ്പോൾ അങ്ങനെയൊരു രംഗം ഷൂട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ?െബ്ലസിയുടെ വെളിപ്പെടുത്തൽ. സംഭവം സമൂഹ മാധ്യമങ്ങളിൽ വൻ വിവാദങ്ങൾക്കിടയാക്കുകയും പ്രമുഖരടക്കം പ്രതികരണവുമായി എത്തുകയും ചെയ്തു. ഇതിന് വിശദീകരണവുമായി ബെന്യാമിൻ പിന്നീട് ഫേസ്‌ബുക്കിൽ കുറിപ്പിടുകയും ചെയ്തിരുന്നു.

'കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവൽ ആണ്. നോവൽ. അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക' -എന്നിങ്ങനെയായിരുന്നു ബെന്യാമിന്റെ കുറിപ്പ്.