കൊച്ചി: മലയാള സിനിമയിലെ കുടുംബ പ്രേക്ഷകരുട ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് നടനും സംവിധായകനുമായി ബേസിൽ ജോസഫ്. ബേസിലിന്റെ സിനിമകൾക്ക് കുടുംബങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ജനപ്രിയ നടനെന്ന വിളികളൊക്കെ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

എന്നാൽ, ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നടൻ എന്ന ലേബലിൽ അറിയപ്പെടാൻ താൽപര്യമില്ലെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. അവരെ ഇഷ്ടപ്പെടുന്ന ഒരുപാടു ആളുകൾ ഉണ്ടെന്നും സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടാനാണ് ആഗ്രഹമെന്നും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരേത്സവത്തിൽ പറഞ്ഞു. 'ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നായകൻ എന്ന ലേബലിലെത്തുമ്പോൾ ചിത്രങ്ങളിൽ കൂടുതൽ സെലക്ടിവാകാറുണ്ടോ'? എന്ന ചോദ്യത്തിനായിരുന്നു മറുപടി. കൂടാതെ തന്റെ ചിത്രമായ ജയ ജയ ജയ ജയ ഹേയിലെ കഥാപാത്രത്തെക്കുറിച്ചും താരം പറഞ്ഞു.

'അത്തരം ലേബൽ നിലവിൽ മറ്റു നടന്മാർക്കുണ്ട്. അവരെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. അതുകൊണ്ട് അങ്ങനെ അറിയപ്പെടാൻ എനിക്ക് താൽപര്യമില്ല.സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടനാണ് ആഗ്രഹിക്കുന്നത്. ജയ ജയ ജയ ജയ ഹേയിൽ വളരെ വൃത്തികെട്ട നായകനെയാണ് ഞാൻ അവതരിപ്പിച്ചത്. അതൊരിക്കലും ജനങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമല്ല. എനിക്ക് ചെയ്യാൻ പറ്റുന്ന നല്ല കഥാപാത്രമാണോ? നല്ല സിനിമയാണോ? ഞാൻ ആ സിനിമക്ക് ഗുണം ചെയ്യുമോ? എന്നിവയാണ് നേക്കുന്നത്. നല്ല സിനിമയുടെ ഭാഗമായാൽ കുറച്ച് കാലം കൂടി ഇങ്ങനെയൊക്കെ ഇരിക്കാം. ഇല്ലെങ്കിൽ വീട്ടിൽ പോകേണ്ടി വരും- ബേസിൽ പറഞ്ഞു.

2015 ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായണം ആണ് ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഗോദ, മിന്നൽ മുരളി എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. മിന്നൽ മുരളിയുടെ രണ്ടാംഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഫാലിമിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബേസിൽ നായകനായെത്തിയ ചിത്രം.ഗുരുവായൂർ അമ്പലനടയിൽ, അജയന്റെ രണ്ടാം മോഷണം, വർഷങ്ങൾക്ക് ശേഷം, നുണക്കുഴി തുടങ്ങിയവയാണ് ബേസിൽ അഭിനയിക്കുന്ന മറ്റു ചിത്രങ്ങൾ.