കൊച്ചി: ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും ചുവടുറപ്പിക്കാനൊരുങ്ങി ബേസിൽ ജോസഫ്. 'ബേസിൽ ജോസഫ് എന്റർടൈൻമെന്റ്' എന്ന പേരിൽ പുതിയ നിർമ്മാണ കമ്പനി ആരംഭിക്കുന്നതായി ബേസിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതുവരെ ചെയ്യാത്ത ഒരു പുതിയ പരീക്ഷണം കൂടിയാണിതെന്ന് ബേസിൽ ജോസഫ് വ്യക്തമാക്കി.

തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു ചെറിയ ആനിമേഷൻ വീഡിയോയിലൂടെയാണ് ബേസിൽ ജോസഫ് ഈ പ്രഖ്യാപനം നടത്തിയത്. 'ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു, സിനിമ നിർമാണം. എങ്ങനെ എന്നത് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ മികച്ചതും, ധീരവും, പുതിയ രീതിയിലും ഉള്ള കഥകൾ പറയാനാണ് ആഗ്രഹിക്കുന്നത്. പുതിയ പാത എവിടേക്ക് നീങ്ങും എന്ന് കാത്തിരിക്കുന്നു. ബേസിൽ ജോസഫ് എന്റർടൈൻമെന്റിലേക്ക് സ്വാഗതം' എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

ബേസിൽ ജോസഫിന്റെ ഈ പ്രഖ്യാപനം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സഹതാരങ്ങളായ ടൊവിനോ തോമസ്, ഉണ്ണിമായ പ്രസാദ്, നിഖില വിമൽ, ആന്റണി വർഗ്ഗീസ്, സക്കറിയ തുടങ്ങിയ നിരവധി താരങ്ങളും ചലച്ചിത്രപ്രവർത്തകരും അദ്ദേഹത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇതിനോടകം പ്രേക്ഷക പ്രീതി നേടിയ ബേസിൽ ജോസഫ്, നായകനായും സഹനടനായും പ്രതിനായകനായും വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. 'മരണമാസ്' ആണ് അദ്ദേഹം നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.